താമരക്കുടി: ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രോജക്ടിന് മാതൃഭൂമി സീഡ് മാര്‍ ഇവാനിയോസ് എഞ്ചിനിയറിങ് കോളേജ് പ്രോജക്ട് മത്സരത്തില്‍ (സ്പാര്‍ക്ക്) ജൂറിയുടെ പ്രത്യേക പുരസ്‌കാരം.
പുലമണ്‍ തോട്ടിലെ മാലിന്യ നിര്‍മാര്‍ജനവും കിണര്‍വെള്ള ശുദ്ധീകരണവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രോജക്ട് അവതരിപ്പിച്ചത്. തോട്ടിലെ മാലിന്യവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ കുട്ടികള്‍ നടത്തിയ പഠനത്തില്‍ വെള്ളം മലിനമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തോടിന്റെ തീരത്തെ 10 കിണറുകളിലെ ജലം തിരുവനന്തപുരത്ത് ഭൂഗര്‍ഭജലവകുപ്പിന്റെ ലബോറട്ടറിയില്‍ പരിശോധിക്കുകയും കിണര്‍വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇങ്ങനെയുള്ള വെള്ളം ചെലവുകുറഞ്ഞ ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന രീതിയാണ് പ്രോജക്ടിലെ വിഷയം. തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.തിരുവനന്തപുരം മാര്‍ ബസേലിയോസ് എഞ്ചിനിയറിങ്‌കോളേജില്‍ നടന്ന ചടങ്ങില്‍ രണ്ടാംവര്‍ഷ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികളായ സോനു സോമച്ചന്‍, ശ്രീലക്ഷ്മി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.