200 വീടുകളില്‍ പച്ചക്കറി തോട്ടവുമായി കലയ്‌ക്കോട് ഗവ. യു.പി.സ്‌കൂള്‍ സീഡ് ക്ലബ്

Posted By : klmadmin On 2nd November 2013


 കലയ്‌ക്കോട്: മാതൃഭൂമി സീഡ് പദ്ധതിയില്‍നിന്ന് ആവേശമുള്‍ക്കൊണ്ട കലയ്‌ക്കോട് ഗവ. യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ പരിസരത്തെ 200 വീടുകളില്‍ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കുന്നു.
പൂതക്കുളം കൃഷിഭവന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെയാണിത്. പച്ചക്കറി വിത്തുകള്‍ കൃഷിഭവന്‍വഴി കുട്ടികള്‍ക്ക് നല്‍കി. ഓര്‍ക്കാന്‍ ഒരു തെങ്ങ് എന്ന സ്‌കൂളിന്റെ പുതിയ പദ്ധതിക്കും തുടക്കമായി.
സ്‌കൂള്‍ വളപ്പില്‍ തെങ്ങിന്‍തൈ നട്ട് പഞ്ചായത്ത് അംഗം വിജയശ്രീ സുഭാഷും പൂതക്കുളം കൃഷി ഓഫീസര്‍ പ്രീതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
സീഡ് പദ്ധതിയെക്കുറിച്ചും പച്ചക്കറി കൃഷിത്തോട്ട സംരംഭത്തെക്കുറിച്ചും മാതൃഭൂമി ലേഖകന്‍ പരവൂര്‍ ഉണ്ണി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ് എം.ശശിധരന്‍പിള്ള പ്രസംഗിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പ്രദീപ്കുമാര്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സജു നന്ദിയും പറഞ്ഞു.
മൂന്ന് തോട്ടങ്ങള്‍ക്ക് അവാര്‍ഡ്
സീഡ് പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ഒരുക്കുന്ന 200 പച്ചക്കറി തോട്ടങ്ങളില്‍ മികച്ച 3 തോട്ടങ്ങള്‍ വിദഗ്ദ്ധര്‍ തിരഞ്ഞെടുക്കുമെന്നും ഇവര്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്നും സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പ്രദീപ്കുമാര്‍ അറിയിച്ചു.