കുട്ടികളുടെ പ്രകൃതിസ്‌നേഹത്തില്‍ മനസ്സുനിറഞ്ഞ് പീറ്റര്‍ ജോണ്‍സ്

Posted By : Seed SPOC, Alappuzha On 1st November 2013


 

 
ചാരുംമൂട്: പരിസ്ഥിതിവിഷയങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം പഠനവിഷയമാക്കി ഓസ്‌ട്രേലിയയില്‍നിന്ന് ഗവേഷകനെത്തി. ഓസ്‌ട്രേലിയയിലെ ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റി സീനിയര്‍ അധ്യാപകന്‍ പീറ്റര്‍ ജോണ്‍സാണ് സ്കൂളുകള്‍ സന്ദര്‍ശിച്ചത്. 
 മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചാരമംഗലം ഡി.വി.എച്ച്.എസ്., മുഹമ്മ കെ.പി. മെമ്മോറിയല്‍ യു.പി.എസ്., ആലപ്പുഴ സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളാണ് പീറ്റര്‍ ജോണ്‍സ് സന്ദര്‍ശിച്ചത്.
ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സീഡിന്റെ സംസ്ഥാന ജൂറി അവാര്‍ഡ് നേടിയ സ്കൂളാണ് താമരക്കുളം വി.വി.എച്ച്.എസ്.എസ്. ചത്തിയറ വി.എച്ച്.എസ്.എസ്സിന് മികച്ച സീഡ് പോലീസ് സ്കൂളിനുള്ള സംസ്ഥാന ജൂറി അവാര്‍ഡും ആലപ്പുഴ ജില്ലയിലെ മികച്ച ശ്രേഷ്ഠ ഹരിത വിദ്യാലയ അവാര്‍ഡും ലഭിച്ചിരുന്നു.
സ്കൂളിലെത്തിയ പീറ്റര്‍ ജോണ്‍സ് സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി. പ്രഥമാധ്യാപകര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവരുമായി പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു.
പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരുന്നതിനുള്ള മാതൃഭൂമി സീഡ് പോലീസ് ആശയം നൂതനവും മഹത്തരവുമാണെന്ന് പീറ്റര്‍ ജോണ്‍സ് പറഞ്ഞു.
 പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ ഇതിന് കഴിയുന്നു. ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കുകൂടി പങ്കാളിത്തം നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികളുടെ അത്രയും വിശ്വസ്തര്‍ മറ്റാരുമില്ലെന്നും ഇത് വരുംതലമുറയ്ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 സ്കൂളുകളുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നബാധിത സ്ഥലങ്ങളും സീഡ് ക്ലബ്ബുകള്‍ നടത്തിയ കൃഷികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും സോളാര്‍ ഊര്‍ജ സംവിധാനങ്ങളും പീറ്റര്‍ ജോണ്‍സ് നോക്കിക്കണ്ടു. 
ചാരമംഗലം ഡി.വി.എച്ച്.എസ്സിലെ സീഡ് ക്ലബ്ബിന്റെ പച്ചക്കറി വിളവെടുപ്പ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂളില്‍ പരിസ്ഥിതി വിഷയത്തില്‍ ക്ലാസ്സെടുത്തു.
 സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രതാപന്‍ (ചാരമംഗലം ഡി.വി.എച്ച്.എസ്), എം.പി. ബീന (മുഹമ്മ കെ.പി.എം.യു.പി.എസ്.), ഷൈബ ജേക്കബ് (ആലപ്പുഴ സെന്റ് മേരീസ് സ്കൂള്‍), ബീഗം കെ. രഹ്‌ന (ചത്തിയറ വി.എച്ച്.എസ്.എസ്), എല്‍. സുഗതന്‍ (താമരക്കുളം വി.വി.എച്ച്.എസ്.എസ്.) 
എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.