ഭീമനാട്ടെ സാമൂഹ്യപാഠത്തിന് ഹരിതവിദ്യാലയ കീര്‍ത്തി

Posted By : pkdadmin On 13th July 2013


പാലക്കാട്: പ്ലാസ്റ്റിക് കടലാസില്‍ കൊണ്ടുവരുന്ന അച്ചാറിനും പലഹാരത്തിനുമൊന്നും ഇപ്പോള്‍ ഭീമനാട് ഗവ. യു.പി. സ്കൂളിനകത്തേക്ക് പ്രവേശനമില്ല. സ്കൂള്‍വളപ്പില്‍ പ്ലാസ്റ്റിക് കിടക്കുന്നതുകണ്ടാല്‍ കുട്ടികള്‍ അത് കഴുകിയുണക്കി ചാക്കിലാക്കും. അതിന് അവരെ പ്രാപ്തരാക്കിയതാവട്ടെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും. പുഷ്പവാടി സീഡ് ക്ലബ്ബ് എന്നാണ് ഭീമനാട് ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പേര്. സ്കൂള്‍മുറ്റം നിറയെ പൂച്ചെടികള്‍, ഔഷധത്തോട്ടം, തറകെട്ടി സംരക്ഷിക്കുന്ന ആലും വേപ്പും. എല്ലാറ്റിനും വല്ലാത്തൊരു അടുക്കും ചിട്ടയും. ഇതൊക്കെ വിദ്യാര്‍ഥികള്‍ സ്വയമേവ ആര്‍ജിച്ചെടുത്ത സ്വഭാവവിശേഷങ്ങളാണ്. ഇതിനൊക്കെ മേല്‍നോട്ടവുമായി ഹെഡ്മാസ്റ്റര്‍ പി. രാധാകൃഷ്ണനും അധ്യാപകരും പ്രസിഡന്റ് കെ. അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തിലുള്ള കര്‍മനിരതരായ അധ്യാപക-രക്ഷാകര്‍തൃസമിതിയുമുണ്ട്. മാരകങ്ങളായ അസുഖങ്ങള്‍ ബാധിച്ചവരെ സഹായിക്കാന്‍ കുഞ്ഞിക്കൈകള്‍ കരുത്തുപകരുന്ന കാരുണ്യനിധി പദ്ധതിയുണ്ട്. തങ്ങള്‍ക്കുകിട്ടുന്ന ഇത്തിരി പൈസയ്‌ക്കൊപ്പം രക്ഷിതാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും അധ്യാപകരില്‍നിന്നുമുള്ള സഹായവുംകൂടി ചേര്‍ത്തപ്പോള്‍ കഴിഞ്ഞ അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ സമാഹരിച്ച് കൈമാറിയത് പതിനേഴായിരത്തോളം രൂപയാണ്. ഇത്തരം വേറിട്ടപ്രവര്‍ത്തനങ്ങള്‍ പുഷ്പവാടി സീഡ്ക്ലബ്ബിനെയും ഭീമനാട് ഗവ. യു.പി. സ്കൂളിനെയും പാലക്കാട് വിദ്യാഭ്യാസജില്ലാതലത്തില്‍ ഹരിതവിദ്യാലയ പുരസ്കാരത്തിന് അര്‍ഹരാക്കി. കുട്ടികളെ നന്മയുടെ പൂമരത്തണലിലേക്ക് നയിച്ച വി.എം. സാറാമ്മ വിദ്യാഭ്യാസജില്ലയിലെ മികച്ച ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പുരസ്കാരത്തിനും അര്‍ഹയായി. കഴിഞ്ഞവര്‍ഷം പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിതരണംചെയ്ത 850 ഓളം തൈകളുടെയും വഴിയോരത്ത് നട്ടുപിടിപ്പിച്ച തണല്‍വൃക്ഷത്തൈകളുടെയും സംരക്ഷണം വിദ്യാര്‍ഥികള്‍ ഉറപ്പാക്കുന്നുണ്ട്. സീഡ് പോലീസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട് അലനല്ലൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡിലുള്‍പ്പെടുന്ന ഇട്ടിലാക്കുളം, പുത്തന്‍കുളം, അരിയക്കുണ്ട് എന്നീ കുളങ്ങളുടെ നവീകരണത്തിന് വഴിതുറന്നു. കുളം ശുചീകരിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തിയപ്പോള്‍ സീഡ് ക്ലബ്ബ് അംഗങ്ങളും ഉത്സാഹത്തോടെ പങ്കെടുത്തു. സ്കൂളിനുപുറത്ത് 75 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കൃഷി കുട്ടികള്‍ക്ക് ഏറെ ഉണര്‍വായി. 700 കുഴി ചേന, വാഴ, പയര്‍, വെണ്ട തുടങ്ങിയവ വിളഞ്ഞപ്പോള്‍ ഉച്ചഭക്ഷണത്തിന് കറികളായി. കുട്ടികളുടെ കൃഷിയില്‍ വിളഞ്ഞ 200 കിലോ വാഴയ്ക്ക സ്കൂളില്‍വെച്ച് പഴുപ്പിച്ച് കുട്ടികള്‍ക്കുതന്നെ കൊടുക്കുകയായിരുന്നു. 85 കിലോ നെല്ലിക്ക സ്കൂള്‍മുറ്റത്തുനിന്ന് പറിച്ചതും കുട്ടികള്‍ക്ക് നല്‍കി. പ്രകൃതിയെ അടുത്തറിയാനും ഓരോ ചെടിയും തളിരിടുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാണാനും അറിയാനും വിദ്യാര്‍ഥികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.