മാതൃഭൂമി-സീഡ് റവന്യു ജില്ലാ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

Posted By : Seed SPOC, Alappuzha On 29th October 2013


 
ഹരിപ്പാട്: പ്രകൃതി സ്‌നേഹത്തിന്റെ വലിയപാഠം കുരുന്നുകളിലൂടെ സമൂഹത്തിലാകെ നിറച്ച "മാതൃഭൂമി' സീഡിന്റെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 
  ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുരുത്തോലകളാല്‍ അലങ്കരിച്ച വേദിയില്‍ രമേശ്‌ചെന്നിത്തല എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. റവന്യു ജില്ലാതലത്തിലെ വിജയികള്‍ക്കാണ് സമ്മാനം നല്‍കിയത്. 
അടുത്ത തലമുറയ്ക്കായി നല്ല വായുവും വെള്ളവും കരുതിവയ്ക്കാന്‍ നമുക്ക് കഴിയണമെന്ന് രമേശ് ചെന്നിത്തല ഓര്‍മപ്പെടുത്തി. പുഴയും വയലും പക്ഷിക്കൂട്ടവും കാണാത്ത തലമുറ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കൃഷിയെയും പരിസ്ഥിതിയെയും പൊതു സമൂഹവുമായി കൂട്ടിയിണക്കാന്‍ കുട്ടികളെ കൂട്ടുപിടിച്ച "സീഡ്' പദ്ധതി "മാതൃഭൂമി' ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
ബാലതാരത്തിനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡ് നേടിയ മിനോണ്‍ ബേബി മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ തലമുറ പ്രകൃതിയോട് ചെയ്തിട്ടുള്ള ക്രൂരതയ്ക്ക് പരിഹാരമായാണ് നാം ഇന്ന് വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തേണ്ടതെന്ന് മിനോണ്‍ പറഞ്ഞു. 
  സീഡിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ സെ്പഷല്‍ ജൂറി പുരസ്കാരം നേടിയ ചത്തിയറ വി.എച്ച്.എസ്.എസ്സിനും (സീഡ് പോലീസ്) താമരക്കുളം വി.വി.എച്ച്.എസ്.എസ്സിനും (ഊര്‍ജസംരക്ഷണം) രമേശ് ചെന്നിത്തല പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ദീപു അധ്യക്ഷത വഹിച്ചു. വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ കെ.ജി. രാജന്‍, കൃഷി അസി. ഡയറക്ടര്‍ മായാദേവി കുഞ്ഞമ്മ, ആലപ്പുഴ ഡി.ഇ.ഒ. അരുണ എ.എന്‍., ഫെഡറല്‍ ബാങ്കിന്റെ എ.ജി.എം. റീജണല്‍ ഹെഡ് (മാവേലിക്കര) എസ്.രാജന്‍, ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദാക്ഷന്‍ പിള്ള, പ്രിന്‍സിപ്പല്‍ സി.ശ്യാമള കുമാരി, ജോണ്‍ ബേബീ, കെ. ജയവിക്രമന്‍, പി.ടി.എ. പ്രസിഡന്റ് സതീഷ് ആറ്റുപുറം എന്നിവര്‍ പ്രസംഗിച്ചു. 
മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി.സുരേഷ്കുമാര്‍ സ്വാഗതവും ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് നന്ദിയും പറഞ്ഞു.