ചേര്‍ത്തല: പരിസ്ഥിതിക്ക് കുട പിടിക്കാന്‍ ജ്യോതിഷശാസ്ത്ര പ്രകാരം കടക്കരപ്പള്ളി പടിഞ്ഞാറെക്കൊട്ടാരം ക്ഷേത്രാങ്കണത്തില്‍ ജന്മനക്ഷത്രക്കാവ് ഒരുങ്ങുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും പേരില്‍ ഓരോ വൃക്ഷങ്ങള്‍ ഉണ്ടെന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്. ഓരോ വൃക്ഷത്തിന്റെയും മഹത്വവും ഔഷധഗുണങ്ങളും പൂര്‍വികന്മാര്‍തന്നെ പറയുന്നുണ്ട്.
ഈ വൃക്ഷങ്ങള്‍ ഉചിതമായ സ്ഥലത്ത് നട്ടുപരിപാലിക്കാന്‍ കഴിഞ്ഞാല്‍ പരിസ്ഥിതി സംരക്ഷണത്തിനും പ്രാണവായുവിന്റെ ലഭ്യതയ്ക്കും ജലശേഖരം നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്നത് മുന്‍നിര്‍ത്തിയാണ് നക്ഷത്രക്കാവ് ഒരുക്കുന്നത്.
മാതൃഭൂമി സീഡ് ക്ലബ്ബും തത്ത്വമസി സേവാസമിതിയും പടിഞ്ഞാറെ കൊട്ടാരം ദേവസ്വവും ചേര്‍ന്നാണ് പ്രകൃതിയെയും മനുഷ്യനും തമ്മില്‍ വിശ്വാസപരമായ ഒരു ബന്ധം ബോധ്യപ്പെടുത്തുന്ന ജന്മനക്ഷത്രക്കാവ് ഒരുക്കുന്നത്. ക്ഷേത്രാങ്കണത്തില്‍ 27 നിലവിളക്കുകള്‍ തെളിച്ച് 27 നക്ഷത്രങ്ങളിലുള്ള വൃക്ഷങ്ങള്‍ നട്ടു.
ദേവസ്വം പ്രസിഡന്റ് എസ്. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് കെ.എസ്.അമൃത, തത്ത്വമസി സേവാസമിതി പ്രസിഡന്റ് ഹരികൃഷ്ണന്‍, സെക്രട്ടറി അഖില്‍ സത്യന്‍, ഖജാന്‍ജി രാജീവ്ദാസ് എന്നിവര്‍ ചേര്‍ന്നാണ് മരങ്ങള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്.