കൂത്തുപറമ്പ് ഹൈസ്‌കൂളിലെ 2000 വിദ്യാര്‍ഥികള്‍ക്ക് തെങ്ങിന്‍തൈ

Posted By : knradmin On 5th October 2013


 കൂത്തുപറമ്പ്: വയലുകളില്‍ കനകം വിളയിച്ച് കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വേകുന്ന കൂത്തുപറമ്പ് ഹൈസ്‌കൂളിന് കൃഷിവകുപ്പിന്റെയും കേരഫെഡിന്റെയും ഉപഹാരം. സ്‌കൂളിലെ രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് ഓരോ തെങ്ങിന്‍തൈ നല്‍കിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പും കേരഫെഡും ചേര്‍ന്ന് അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ മികച്ച കാര്‍ഷികവിദ്യാലയത്തിന് കൃഷിവകുപ്പും- കേരഫെഡും ചേര്‍ന്ന് നല്‍കുന്ന 'ഒരു കുട്ടിക്ക് ഒരു തെങ്ങ്' പദ്ധതി പ്രകാരമായിരുന്നു ഉപഹാരവിതരണം. മാതൃഭൂമി സീഡ് ക്ലബ്ബാണ് സ്‌കൂളിലെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. നെല്ലും, വാഴയും, പച്ചക്കറിയും ഉള്‍പ്പെടെ ഒട്ടേറെ കൃഷികള്‍ സ്‌കൂള്‍വളപ്പില്‍ നടത്തുന്നുണ്ട്. ഔഷധസസ്യത്തോട്ടവും പൗള്‍ട്രീ ഫാമും സ്‌കൂളിന് സ്വന്തമായുണ്ട്.

   പൊതുനിരത്തുകളില്‍ വൃക്ഷത്തെകള്‍ വെച്ചുപിടിപ്പിച്ചും പ്ലാസ്റ്റിക്ക്മാലിന്യം നീക്കിയും സ്‌കൂള്‍ ഒരുപടി മുന്നില്‍തന്നെയുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് സ്‌കൂളിന് പുരസ്‌കാരം ലഭിച്ചത്.
കൃഷിമന്ത്രി കെ.പി.മോഹനന്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. 
കാര്‍ഷികമേഖലയെ സമ്പന്നമാക്കുന്ന വിദ്യാലയങ്ങള്‍ക്ക് തുടര്‍ന്നും ഉപഹാരങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പദ്മജ പദ്മനാഭന്‍ അധ്യക്ഷയായി. കണ്ണൂര്‍ ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ എം.പ്രസന്നകുമാരി പദ്ധതി വിശദീകരിച്ചു. സംസ്ഥാന അവാര്‍ഡ് നേടിയ കൂത്തുപറമ്പ് കൃഷി ഓഫീസര്‍ സുജ കാരാട്ടിനെ തലശ്ശേരി ഡി.ഇ.ഒ. സി.ഇന്ദിര ആദരിച്ചു.
കൗണ്‍സിലര്‍ പി.ഷൈജു, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.മായാകുമാരി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍.വിജയനുണ്ണി, അസി. കൃഷിഡയറക്ടര്‍ എ.കെ.വിജയന്‍, നിര്‍മലഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ്‌ലൈറ്റ് മാത്യു, സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍, എന്‍.ധനഞ്ജയന്‍, വി.വി.ദിവാകരന്‍, കെ.ചന്ദ്രന്‍, പി.വിനോദ്, പി.എം.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി സ്വാഗതവും, എസ്.ആര്‍.ശ്രീജിത്ത് നന്ദിയും പറഞ്ഞു.