ചുനക്കര വി.എച്ച്.എസ്സില്‍ "പിടിയരി' പദ്ധതി തുടങ്ങി

Posted By : Seed SPOC, Alappuzha On 4th October 2013


ചുനക്കര: ചുനക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ് "പിടിയരി' പദ്ധതിക്ക് തുടക്കം കുറിച്ചു. മാസംതോറും കുട്ടികളില്‍നിന്ന് ഓരോ പിടി അരി വീതം ശേഖരിച്ച് ചുനക്കര ഗ്രാമത്തിലെ സാമ്പത്തികമായി അവശതയനുഭവിക്കുന്ന 15 ഓളം കുടുംബങ്ങള്‍ക്ക് എത്തിക്കുന്നതാണ് പദ്ധതി. ശ്രീസത്യസായി സേവാ സമിതിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.ഫെഡറല്‍ ബാങ്ക് ചുനക്കര ബ്രാഞ്ച് മാനജര്‍ പ്രസന്നകുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആവശ്യത്തിലധികമായി ഒരുനുള്ളു ഭക്ഷണം പോലും കഴിക്കുകയില്ലെന്നും ഒരു തരി ഭക്ഷണംപോലും പാഴാക്കുകയില്ലെന്നും കുട്ടികള്‍ പ്രതിജ്ഞയെടുത്തു.സത്യസായി സേവാസമിതി ഇന്‍ ചാര്‍ജ് ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അന്നമ്മ ജോര്‍ജ്, ഹെഡ്മിസ്ട്രസ് കെ. ഷീലാമണി, ഡി.മൈക്കിള്‍ഭായി, അദീപ, ലിജു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെ. ജെഫീഷ് എന്നിവര്‍ പ്രസംഗിച്ചു. ആദ്യ ദിനത്തില്‍ അറുപത് കിലോഗ്രാം ഭക്ഷ്യധാന്യമാണ് കുട്ടികള്‍ ശേഖരിച്ചത്.