ഷൊറണൂര്‍: ഭക്ഷണമില്ലാതെ പിടഞ്ഞുമരിച്ചവരെ അവര്‍ ഓര്‍ത്തു... ഓരോ പച്ചപ്പിലും ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞു... ഹരിതാഭമായ ഭൂമിയുടെ നിലനില്‍പ്പിനെപ്പറ്റി ആശങ്കകള്‍ പങ്കുവെച്ച് മാതൃഭൂമി സീഡ് പദ്ധതിയുടെ കുടക്കീഴില്‍ അധ്യാപകര്‍ ഒത്തുചേര്‍ന്നു. മാതൃഭൂമി സീഡ് പദ്ധതിയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ല അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് കുളപ്പുള്ളി സമുദ്ര റീജന്‍സിയില്‍ നടന്ന പരിശീലനപരിപാടിയാണ് ഒത്തുചേരലിന് വേദിയായത്. സാമൂഹികനന്മയ്ക്ക്, നാലുവര്‍ഷമായി വിദ്യാര്‍ഥികള്‍ ഒരുക്കിയ ഒരുമയുടെ സംഘഗാനം, പുതുവര്‍ഷത്തില്‍ വേറിട്ട ഈണം കണ്ടെത്തുമെന്ന പ്രഖ്യാപനമായി വേദി മാറി. ഭക്ഷണം അമൂല്യമാണെന്ന സന്ദേശവുമായി സീഡ് പ്രതിജ്ഞയോടെയായിരുന്നു തുടക്കം. ഒറ്റപ്പാലം ഡി.ഇ.ഒ. സി. ലീല ഉദ്ഘാടനം ചെയ്തു. വെള്ളത്തിന്റെ ശരിയായ ഉപയോഗമാണ് ജലക്ഷാമം പരിഹരിക്കാനുള്ള ആദ്യമാര്‍ഗമെന്ന് അവര്‍ പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ പൊതുവാഹന ഉപയോഗം വര്‍ധിപ്പിക്കണമെന്നും പുതുതലമുറയുടെ പ്രകൃതി സംരക്ഷണത്തിന്റെ കടമയേറ്റെടുക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഭവങ്ങളുടെ ശാസ്ത്രീയമായ ഉപയോഗവും പുനരുപയോഗവുമാണ് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠമെന്ന് മുഖ്യാതിഥിയായ ഒറ്റപ്പാലം സബ്കളക്ടര്‍ ഡോ.എ. കൗശികന്‍ അഭിപ്രായപ്പെട്ടു. ശരിയായ ആസൂത്രണമില്ലാത്തതാണ് നല്ല മഴ ലഭിക്കുമ്പോഴും കുടിവെള്ളക്ഷാമത്തിലേക്ക് നാടിനെ തള്ളിവിടുന്നതെന്നും സബ്കളക്ടര്‍ പറഞ്ഞു. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ കെ. സേതുമാധവന്‍നായര്‍ അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് എ.ജി.എം. ടി.എന്‍.പ്രസാദ്, അധ്യാപകസംഘടനാ നേതാക്കളായ കെ.കെ. രാജേഷ് (എന്‍.ടി.യു.), ജി. അജിത്കുമാര്‍ (കെ.പി.എസ്.ടി.യു.), കെ. പ്രഭാകരന്‍ (കെ.എസ്.ടി.എ.), ഇ. റഫീഖ് (ജി.എസ്.ടി.യു.) എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി. അരുണ്‍കുമാര്‍ സ്വാഗതവും ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുക്കാട്, സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ.തോമസ്, സീഡ് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ആര്‍. ജയചന്ദ്രന്‍, പി. രാഗേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സീഡ് പുരസ്കാരം നേടിയ സ്കൂളുകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരും അനുഭവങ്ങള്‍ പങ്കുവെച്ചു.