സീഡ് നേതാക്കള്‍ക്ക് എന്‍.എസ്.എസ്. പുരസ്‌കാരം

Posted By : knradmin On 4th October 2013


 

 
പെരിങ്ങത്തൂര്‍:നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2012-13 വര്‍ഷത്തെ മികച്ച റീജണല്‍ യൂണിറ്റായി കണ്ണൂരിലെ എന്‍.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റിനെയും മികച്ച പ്രോഗ്രാം ഓഫീസറായി ഗണിതശാസ്ത്ര അധ്യാപകനും വാണിമേല്‍ സ്വദേശിയുമായ ടി.പി.റഫീഖിനെയും മികച്ച വോളന്റിയറായി അസ്‌ന നര്‍ഗീസിനെയും തിരഞ്ഞെടുത്തു. 
യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ ബഹുമതികള്‍ നേടിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി 'ജീവനം' പദ്ധതിയുടെ ഭാഗമായി കാര്‍ഷികമേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി സ്‌കൂള്‍വളപ്പില്‍ത്തന്നെ ഒരുക്കുക എന്ന സന്ദേശവുമായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നൂറ്റമ്പതോളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കൃഷി തുടങ്ങാനാവശ്യമായ സഹായ സഹകരണങ്ങള്‍ നല്കി. 'കൃഷി ഉണര്‍വ്' എന്ന പദ്ധതിക്ക് നേതൃത്വം നല്കിയത് മികച്ച വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട അസ്‌ന നര്‍ഗീസായിരുന്നു. 
കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തിലെ മീശമുക്ക് എന്ന പ്രദേശത്ത് മൂന്നേക്കറോളം പാടത്ത് നടത്തിയ നെല്‍കൃഷി ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ഡിസംബറിലെ അവധിക്കാലക്യാമ്പില്‍ നരിപ്പറ്റ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കൃഷിയൊരുക്കി യൂണിറ്റ് മാതൃക കാട്ടി. മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ളസ്രോതസ്സായ കനകമലയെ സംരക്ഷിക്കുക എന്ന ആവശ്യവുമായി മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്കി. മെഡിക്കല്‍ ക്യാമ്പുകള്‍, പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് വിതരണം, രക്തദാനം, നേത്രദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ തൂണേരി സ്വദേശിനിയായ അസ്‌ന നര്‍ഗീസ് സി.എച്ച്.അബ്ദുല്ലയുടെയും തലശ്ശേരി ജില്ലാകോടതി എല്‍.ഡി.ക്ലാര്‍ക്ക് ഷാഹിദയുടെയും മകളാണ്. 
 മുമ്പും കണ്ണൂര്‍ ജില്ലയിലെ മികച്ച യൂണിറ്റായി എന്‍.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റിനെയും മികച്ച പ്രോഗ്രാം ഓഫീസറായി ടി.പി.റഫീഖിനെയും തിരഞ്ഞെടുത്തിരുന്നു. മാതൃഭൂമി സീഡിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് റഫീഖ്. അസ്‌ന ജം ഓഫ് സീഡ് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.