കൂത്തുപറമ്പിലെ കുട്ടിക്കര്‍ഷകര്‍ കുട്ടനാടന്‍ പാടവരമ്പത്ത്‌

Posted By : knradmin On 4th October 2013


 

 
കൂത്തുപറമ്പിലെ കുട്ടിക്കര്‍ഷകര്‍ കാര്‍ഷികപ്പെരുമയുടെ കാഴ്ചകള്‍തേടി കുട്ടനാടന്‍ പാടവരമ്പത്തെത്തി. കൂത്തുപറമ്പ് ഹൈസ്‌കൂളിലെ 39 അംഗ സീഡ് ക്ലബ്ബ് പ്രവര്‍ത്തകരാണ് കുട്ടനാട്ടിലെ കൃഷിരീതികളും ഭൂപരമായ സവിശേഷതകളും കണ്ടറിയാനായി പാടത്തെത്തിയത്.
കൃഷിയെ അളവറ്റ് സ്‌നേഹിച്ചിരുന്ന ഒരു തലമുറ കഠിനാധ്വാനത്താല്‍ തീര്‍ത്ത പുറംബണ്ടുകളും കര്‍ഷകരക്ഷയ്ക്കായി സര്‍ക്കാര്‍ നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ടും കുട്ടികള്‍ക്ക് വേറിട്ട കാഴ്ചയായി.
കൃഷിയിടത്തെ വെള്ളംവറ്റിക്കാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന ചക്രത്തിന്റെ സ്ഥാനത്ത് ഇന്ന് കൂറ്റന്‍ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ച 'പെട്ടിയും പറയും' സ്ഥാപിച്ചിരിക്കുന്നത് അവര്‍ കണ്ടു. നദികള്‍ ഒഴുക്കിക്കൊണ്ടുവന്ന് നിക്ഷേപിച്ച എക്കല്‍മണ്ണില്‍ സമൃദ്ധമായി തഴച്ചുവളരുന്ന നെല്‍ച്ചെടികളും ഏക്കറുകളോളം പച്ചപ്പണിഞ്ഞുകിടക്കുന്ന പാടങ്ങളും കുട്ടികള്‍ വയല്‍വരമ്പിലൂടെ നടന്നുകണ്ടു.
 ലോവര്‍ കുട്ടനാട്ടിലെ പള്ളാത്തുരുത്തിയിലെ പാടശേഖരത്തിലാണ് സീഡ് ക്ലബംഗങ്ങള്‍ എത്തിയത്. ജൈവകര്‍ഷകനും പരിസ്ഥിതിപ്രവര്‍ത്തകനും 2006ലെ വനമിത്രഅവാര്‍ഡ് ജേതാവുമായ കെ.വി.ദയാല്‍ കുട്ടികള്‍ക്ക് കുട്ടനാടന്‍ കൃഷിരീതികള്‍ വിവരിച്ചുകൊടുത്തു.
പ്രധാനമായും രണ്ടു വിളയാണ് കുട്ടനാടന്‍ പാടങ്ങളില്‍ കൃഷിചെയ്തുവരുന്നത്. വേനല്‍ക്കാലത്ത് ഉപ്പുവെള്ളം വറ്റിച്ചുള്ള കൃഷിയാണെങ്കില്‍ മഴക്കാലത്ത് മഴവെള്ളം തടഞ്ഞാണ് കൃഷിയിറക്കുക. ഏക്കറുകണക്കിന് പാടങ്ങള്‍ കുട്ടനാടന്‍ കര്‍ഷകന് സ്വന്തമായുണ്ട്. എങ്കിലും 'സഹകരണകൃഷി'യാണ് കുട്ടനാടന്‍ നെല്‍സമ്പത്തിന്റെ 'കനം' കൂട്ടുന്നതെന്ന് ദയാല്‍ പറഞ്ഞു. 
ഒരു ബണ്ടിനകത്തെ മുഴുവനാളുകളും ഒരേ സമയത്താണ് കൃഷി ഇറക്കുന്നത്. വെള്ളംവറ്റിക്കുക, വിത്തിറക്കുക, കളപറിക്കുക, വളമിടുക, കൊയ്ത്തുനടത്തുക... എല്ലാം ഒരുമിച്ചുതന്നെ. പ്രകൃതി കനിഞ്ഞാലും ചതിച്ചാലും കുട്ടനാട്ടുകാര്‍ അവ പങ്കിട്ടെടുക്കുമെന്ന് ദയാല്‍ കുട്ടികളോട് പറഞ്ഞു. എക്കല്‍മണ്ണിന്റെ സമൃദ്ധിയുള്ളതിനാല്‍ രാസവളപ്രയോഗം കുറവാണ്.
 തൊഴിലാളികളുടെ ക്ഷാമമാണ് കുട്ടനാടന്‍ പാടങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാനപ്രശ്‌നം. കൃഷിയുടെ ഒരുഘട്ടത്തിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടുന്നില്ല. കളപറിക്കാന്‍പോലും ആളില്ല.   'റൗണ്ടപ്പ്' എന്ന കളനാശിനി തളിച്ച സ്ഥലത്തെ പുല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്നത് കുട്ടികള്‍ ദുഃഖത്തോടെ കണ്ടു.
പാടശേഖരത്തില്‍ത്തന്നെ ഒരുഭാഗത്ത് ഉയര്‍ത്തിയെടുത്ത് നിര്‍മിച്ച മെതിക്കളവും കുട്ടികള്‍ക്ക് വേറിട്ടകാഴ്ചയായി. 
  സ്‌കൂള്‍ സീഡ് ക്ലബ്ബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, ശശിധരപ്പണിക്കര്‍, വി.വി.ദിവാകരന്‍, പി.എം.ദിനേശന്‍, രാകേഷ് തില്ലങ്കേരി, വി.കെ.അജിത, അഭിന്‍ ദിവാകര്‍, സ്വീറ്റി സുന്ദര്‍, നന്ദിത ആനന്ദ്, അഖില്‍രാജ്, അഖിലേഷ്, അമല്‍, അസറുദ്ദീന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.