പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടര്‍മാരായി 'മാതൃഭൂമി സീഡ് ' വിദ്യാര്‍ഥികള്‍

Posted By : ptaadmin On 3rd October 2013


പത്തനംതിട്ട: നാട്ടിലും സ്‌കൂളിലും നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുറംലോകത്തെത്തിക്കാനുള്ള ദൗത്യം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി പത്രം, മാതൃഭൂമി ന്യൂസ്ചാനല്‍, മാതൃഭൂമി വെബ്‌സൈറ്റ് എന്നിവ വഴി ലോകമാകെ എത്തിക്കാനുള്ള യത്‌നത്തിലാണ് വിദ്യാര്‍ഥികള്‍. 'മാതൃഭൂമി സീഡ്'(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്)വിദ്യാര്‍ഥികളാണ് തങ്ങളുടെ സ്‌കൂളിലെയും ദേശത്തെയും പരിസ്ഥിതി വാര്‍ത്തകളുടെ റിപ്പോര്‍ട്ടര്‍മാരാകുന്നത്. ഇതിന്റെ ഭാഗമായി, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ സീഡ് റിപ്പോര്‍ട്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കി.
മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ പരിശീലന പരിപാടി പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ കെ. റോയി ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഫോട്ടോപതിച്ച തിരിച്ചറിയില്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.