'മാതൃഭൂമി സീഡ്' റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തയുടെ ലോകത്തേക്ക്

Posted By : ptaadmin On 3rd October 2013


തിരുവല്ല: പ്രകൃതിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 'മാതൃഭൂമി സീഡ്'(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയേണ്‍മെന്റല്‍ ഡെവലപ്‌മെന്റ്)വിദ്യാര്‍ഥികള്‍ വാര്‍ത്തയുടെ ലോകത്തേക്ക് ഇറങ്ങുന്നു. തങ്ങളുടെ നാട്ടിലും സ്‌കൂളിലും നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഓരോ സ്‌കൂളിലേയും സീഡ് ക്ലബ്ബിലെ റിപ്പോര്‍ട്ടര്‍ പുറംലോകത്തെത്തിക്കും. മാതൃഭൂമി ദിനപത്രം, ന്യൂസ്ചാനല്‍, വെബ്‌സൈറ്റ് എന്നിവ വഴി ഈ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ചിത്രവും പ്രസിദ്ധീകരിക്കും. പുഴ മലിനപ്പെടുത്തിയും കുന്ന് ഇടിച്ചുനിരത്തിയും പാടം നികത്തിയും പ്രകൃതിയെ തകര്‍ക്കുന്ന സംഭവങ്ങള്‍ തങ്ങളാല്‍ കഴിയും വിധം അധികാരികളുടേയും പൊതുസമൂഹത്തിന്റേയും മുന്നില്‍ എത്തിക്കാനുള്ള യത്‌നത്തിലാണ് സീഡ് റിപ്പോര്‍ട്ടര്‍മാര്‍. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍ സീഡ് റിപ്പോര്‍ട്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി.
വള്ളംകുളം ഗവ.യു.പി സ്‌കൂളില്‍ നടത്തിയ ശില്പശാല, പ്രധമാധ്യാപകന്‍ സി.ടി.വിജയാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കി. മാതൃഭൂമി കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.