പത്തനംതിട്ട: ശബരിമലവനത്തിലെ മലമ്പണ്ടാരവിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ ക്ഷേമത്തിനായി കിടങ്ങന്നൂര്‍ എസ്.വി.ജി.വി. എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി സീഡ്' ക്ലബ് ആവിഷ്‌കരിച്ച സഹ്യസാന്ത്വനം പദ്ധതിയുടെ രണ്ടാംഘട്ടം നടത്തി. ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, വെളിച്ചെണ്ണ, സോപ്പ്, കുടിലുകള്‍ നിര്‍മിക്കാനാവശ്യമായ ടാര്‍പോളിനുകള്‍, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ നല്‍കി.
കാട്ടിലെത്തിയ വിദ്യാര്‍ഥികള്‍, ആദിവാസികുടുംബങ്ങള്‍ക്കും പൊതിച്ചോറ് കരുതിയിരുന്നു. ആദിവാസി ഊരുകളില്‍ സര്‍വേ നടത്തിയും ഏകാധ്യാപകവിദ്യാലയങ്ങളിലെ അധ്യാപകരോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയും ഭാവിപ്രവര്‍ത്തനങ്ങള്‍ സീഡ് ക്ലബ് രൂപപ്പെടുത്തിയിട്ടുണ്ട്. പ്ലാപ്പള്ളിയില്‍ സീഡ് ക്ലബ് അംഗങ്ങളും ആദിവാസിക്കുട്ടികളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിക്കുകയുംചെയ്തു.
സഹ്യസാന്ത്വനത്തിന്റെ മൂന്നാംഘട്ടം ഡിസംബര്‍ ആദ്യവാരം നടത്തും. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ്ബാബു, പി.ടി.എ. പ്രസിഡന്റ് ശിവന്‍കുട്ടി നായര്‍, അധ്യാപകരായ ഗോപാലകൃഷ്ണപ്പണിക്കര്‍, സജിത, വിദ്യാര്‍ഥികളായ സുമേഷ്, അഖില്‍മോഹന്‍, ബിജിന്‍, പ്രിയ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി