ചാരുംമൂട്: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ "മാതൃഭൂമി' തളിര് സീഡ് ക്ലബ് രംഗത്ത്. പറയംകുളം എല്‍.പി.എസ്സിന് മുന്‍വശം മുതല്‍ കിഴക്കോട്ട് ലെപ്രസി സാനട്ടോറിയം വരെയുള്ള ഭാഗത്ത് കെ.പി. റോഡരികിലെ മാലിന്യംമൂലം സമീപവാസികളും വിദ്യാര്‍ഥികളും യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സീഡ് റിപ്പോര്‍ട്ടര്‍ ആര്‍.എസ്. കൃഷ്ണനുണ്ണി സീഡ് ക്ലബ്ബിന്റെ യോഗത്തില്‍ പ്രശ്‌നം അവതരിപ്പിച്ചു. മാലിന്യം തള്ളുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സീഡ് ക്ലബ് "പാതയോരത്ത് കുട്ടികളുടെ പൂന്തോട്ടം' പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കെ.പി. റോഡരികില്‍ ആര്‍. രാജേഷ് എം.എല്‍.എ. പൂച്ചെടി നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അരളി, തെറ്റി, മന്ദാരം, നന്ത്യാര്‍വട്ടം, ചെമ്പരത്തി, റോസ്, സീനിയ, കൃഷ്ണകിരീടം തുടങ്ങിയ ചെടികളാണ് വിദ്യാര്‍ഥികള്‍ നട്ടിട്ടുള്ളത്.മാലിന്യത്തിനെതിരെ ബാനറുകളും സ്ഥാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പറയംകുളം യൂണിറ്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവിയമ്മ, ഡെപ്യൂട്ടി എച്ച്.എം. പി. ശശിധരന്‍ നായര്‍, പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, എ.എന്‍. ശിവപ്രസാദ്, എന്‍. രാധാകൃഷ്ണപിള്ള, റാഫി രാമനാഥ്, അബ്ദുള്‍ ലത്തീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ജി. സുനില്‍കുമാര്‍, സോമന്‍ ഉപാസന, എന്‍.എന്‍. രാജന്‍, ബി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.