പത്തനാപുരം: വിദ്യാലയമുറ്റത്ത് വിഷവിമുക്ത പച്ചക്കറിക്കൃഷിയുമായി മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍. തലവൂര്‍ ഡി.വി.വി.എച്ച്.എസ്.എസ്.വിദ്യാര്‍ഥികളാണ് സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സഹായത്തോടെ പച്ചക്കറി ഉത്പാദനം തുടങ്ങിയത്.
കൃഷി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 50 ചാക്കുകളില്‍ ചാണകപ്പൊടിയും മണ്ണും കൂട്ടിക്കലര്‍ത്തി നിറച്ച് പച്ചക്കറിവിത്ത് നടുകയായിരുന്നു. വെണ്ട, ചീര, പാവല്‍, പടവലം, മുളക്, വഴുതന, പയര്‍ എന്നിവയുടെ വിത്തുകള്‍ അവയ്ക്ക് യോജിച്ചരീതിയില്‍ നട്ടു.
സ്‌കൂള്‍ വളപ്പില്‍ എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നവിധം വൃത്താകൃതിയില്‍ ചാക്കുകള്‍ ആകര്‍ഷകമായി ക്രമീകരിച്ചതും വിദ്യാര്‍ഥികളാണ്.
രാസവളം ഒഴിവാക്കി വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് കൊണ്ടുവരുന്ന ചാണകപ്പൊടിയും ചാരവും പച്ചിലവളവും മണ്ണിരക്കമ്പോസ്റ്റും ഉപയോഗിച്ച് പൂര്‍ണമായും ജൈവികരീതിയില്‍ ഇവ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇന്ദുലാല്‍ പറഞ്ഞു. പച്ചക്കറിവിത്തുകള്‍ നടുന്നതിന് മുന്നോടിയായി ജൈവിക പച്ചക്കറിക്കൃഷി എന്ന സെമിനാര്‍ കൃഷി ഓഫീസര്‍ രാമചന്ദ്രന്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രേമലത, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബി.ഭാനുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.