ലവ് പ്ലാസ്റ്റിക് അഞ്ചാംഘട്ടം തുടങ്ങി; മാതൃകാഗ്രാമം വിളംബരം ചെയ്ത് കുട്ടികളുടെ ജാഥ

Posted By : Seed SPOC, Alappuzha On 28th September 2013


 
പുന്നപ്ര: മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ അഞ്ചാംഘട്ട ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പുന്നപ്ര യു.പി.സ്കൂളില്‍ മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സൈറു ഫിലിപ്പ് നിര്‍വഹിച്ചു.
     പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്, തരംതിരിച്ച്, ശരിയായ മാര്‍ഗത്തില്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്ന മാതൃകാഗ്രാമം പദ്ധതിയുടെ വിളംബരജാഥയും ഇതോടൊപ്പം നടന്നു.
പുന്നപ്ര യു.പി.സ്കൂള്‍- മാതൃഭൂമി സീഡ്ക്ലബ്ബ്, ആരോഗ്യപരിസ്ഥിതി ജീവകാരുണ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപ, പുന്നപ്ര ജനമൈത്രി പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് 9-ാം വാര്‍ഡില്‍ മാതൃകാഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് ഉപഭോഗം പരമാവധി കുറയ്ക്കാനും പുനരുപയോഗിക്കാനുമുള്ള തീവ്രശ്രമത്തിന് നാടിനെ ഒരുക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ സന്ദേശമാണ് ഇതിലൂടെ ഗ്രാമത്തിന് പകര്‍ന്നു നല്‍കുന്നത്.
 385 വീടുകളുള്ള ഒന്‍പതാം വാര്‍ഡിനെ 9 മേഖലകളാക്കി തിരിച്ചാണ് മാതൃകാഗ്രാമം പദ്ധതി നടപ്പാക്കുക. ഓരോ മേഖലയ്ക്കും ഒരു അധ്യാപികയുടെ നേതൃത്വത്തില്‍ പി.ടി.എ. പ്രതിനിധി, വാര്‍ഡ് പ്രതിനിധി, കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന 10 പേരെ ചുമതലപ്പെടുത്തും. നാല് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായിരുന്നു വിളംബര ജാഥ. തുടര്‍ന്ന് വീടുകളില്‍ ലഘുലേഖവിതരണവും ബോധവത്കരണ യോഗങ്ങളും നടത്തും. സ്കൂള്‍ കേന്ദ്രീകരിച്ച് ലവ് പ്ലാസ്റ്റിക് പദ്ധതി മാതൃകാഗ്രാമത്തില്‍ നടപ്പാക്കും.
പി.ടി.എ. പ്രസിഡന്റ് ആര്‍.ഷാജിമോന്‍ ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ആര്‍.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
സ്കൂള്‍ മാനേജര്‍ കെ.പ്രസന്നകുമാര്‍, ഗ്രാമപ്പഞ്ചായത്തംഗം ആര്‍.ഷീജ, മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി.സുരേഷ്കുമാര്‍, ന്യൂസ് എഡിറ്റര്‍ എസ്.പ്രകാശ്, പരസ്യം മാനേജര്‍ ഡി.ഹരി, പ്രഥമാധ്യാപിക പി.ഒ.സുമാദേവി, പുന്നപ്ര ജനമൈത്രി പോലീസ് എ.എസ്.ഐ. എസ്. ബൈജു, വി.ഉപേന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍, കൃപ ഭാരവാഹികളായ അഡ്വ. പ്രദീപ് കൂട്ടാല, ദേവന്‍ പി. വണ്ടാനം, എച്ച്.സുബൈര്‍, ഹസ്സന്‍ എം. പൈങ്ങാമഠം, എച്ച്.അഷറഫ്, പി.ടി.എ. ഭാരവാഹി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിളംബര ജാഥ വാര്‍ഡിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ എത്തി. പ്ലക്കാര്‍ഡുമേന്തി അണിനിരന്ന കുട്ടികള്‍ ബോധവത്‌രണ ഗാനങ്ങളും പാടി.
     മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ അമൃത സെബാസ്റ്റ്യന്‍, അധ്യാപകരായ വിനോദ്‌രാജന്‍, അജിത സി.നായര്‍, ബി.ശ്രീലത, ജി.ജയശ്രീ, എം.പി.വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.