മാതൃഭൂമി സീഡ് യൂണിറ്റ് നടീല്‍ ഉത്സവം നടത്തി

Posted By : tcradmin On 26th September 2013


കുന്നംകുളം: മരത്തംകോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് യൂണിറ്റും കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാല ബാലവേദിയും ചേര്‍ന്ന് നെല്‍കൃഷി നടീല്‍ ഉത്സവം നടത്തി. നടീല്‍ ഉത്സവം കടങ്ങോട് പഞ്ചായത്തംഗം വനജ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജില്ലാ സെക്രട്ടറി വി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. 'കര്‍ഷകരും കൃഷിരീതികളും' എന്ന വിഷയത്തില്‍ ക്ലാസ്സും നടന്നു. മികച്ച കര്‍ഷക അവാര്‍ഡ് ജേതാവ് കെ.യു. സഞ്ജയന്‍ പാടശേഖര കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കി.

നെല്‍കൃഷി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് പ്രധാനാധ്യാപിക വി.യു. ആലീസിന് നല്‍കി. പട്ടികജാതി-പട്ടികവര്‍ഗ ഐക്യവേദി യൂണിറ്റ് കണ്‍വീനര്‍ അജിതയാണ് ഇതു കൈമാറിയത്. കിടങ്ങൂര്‍ പാടശേഖര സമിതി കണ്‍വീനര്‍ അനില്‍ കൊട്ടാരപ്പാട്ട്, കടങ്ങോട് പഞ്ചായത്തംഗം കെ.കെ. മണി, നവോദയ പൗരസമിതി പ്രസിഡന്റ് പ്രബോധന്‍ വാഴപ്പിള്ളി, സീഡ് സ്റ്റുഡന്റ് കണ്‍വീനര്‍ കെ.എസ്. അരുണ്‍, മാതൃഭൂമി ടീച്ചര്‍ ഇന്‍ ചാര്‍ജ് കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

വിത്തിടല്‍ ചടങ്ങ് കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കല്യാണി എസ്.നായര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ റിയ ജോസഫ്, ചൊവ്വന്നൂര്‍ ബ്ലോക്കംഗം പി.വി. പ്രസാദ്, പി.ടി.എ. പ്രസിഡന്റ് ലിബിനി എന്നിവര്‍ സംബന്ധിച്ചു.