കുട്ടികളുടെ പഠനയാത്ര അധ്യാപകര്‍ക്കും പ്രചോദനമായി

Posted By : Seed SPOC, Alappuzha On 23rd September 2013



കായംകുളം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ നടത്തിയ പഠനയാത്ര തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ അധ്യാപകര്‍ക്കും പ്രചോദനമായി.
ആലപ്പുഴ രൂപതയുടെ കീഴിലെ 24 സ്കൂളുകളിലെ പ്രധാനാധ്യാപകരുള്‍പ്പടെ 50 അംഗ സംഘമാണ് തീരസംരക്ഷണത്തില്‍ കണ്ടല്‍ച്ചെടികളുടെ പ്രാധാന്യം കണ്ടറിയാന്‍ പഠനയാത്ര നടത്തിയത്.
ആലപ്പുഴ രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റും കോസ്റ്റല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയും സംയുക്തമായാണ് പഠനയാത്ര സംഘടിപ്പിച്ചത്.
രൂപതയുടെ കീഴിലെ കാട്ടൂര്‍ ഹോളിഫാമിലി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ പഠനയാത്രയുടെ റിപ്പോര്‍ട്ടാണ് അധ്യാപകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്.
ആയിരംതെങ്ങിലെ സര്‍ക്കാര്‍ ഫിഷ് ഫാമിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകളിലാണ് പഠനസംഘം ആദ്യമെത്തിയത്. സുനാമിത്തിരകള്‍ ആറാട്ടുപുഴ, അഴീക്കല്‍ പ്രദേശങ്ങളില്‍ താണ്ഡവമാടിയപ്പോള്‍ ഫിഷ്ഫാമിനെ സംരക്ഷിച്ചുനിര്‍ത്തിയ കണ്ടല്‍ക്കാടുകള്‍ പഠനസംഘത്തിന് പുതിയ അറിവായി. തുടര്‍ന്ന് ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളി വാരണപ്പള്ളിയില്‍ റിട്ട.കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ഒരുക്കിയിട്ടുള്ള കണ്ടലുകളുടെ പാഠശാലയില്‍ സംഘമെത്തി.
വിവിധ തരം കണ്ടല്‍ച്ചെടികള്‍, അവ നട്ടുവളര്‍ത്തുന്ന രീതി, വെള്ളം ശുദ്ധീകരിക്കാനും അന്തരീക്ഷം ശുദ്ധീകരിക്കാനും മണ്ണ് സംരക്ഷിക്കാനും കണ്ടലുകള്‍ വഹിക്കുന്ന പങ്ക്, കണ്ടല്‍ച്ചെടികള്‍ വളരുന്ന ഭാഗത്തെ മത്സ്യസമൃദ്ധി എന്നിവയെല്ലാം സംഘാംഗങ്ങള്‍ കണ്ടറിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തില്‍ കണ്ടലുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് അനില്‍കുമാര്‍ വിശദീകരിക്കുകയും ചെയ്തു.
ഉപ്പുവെള്ളം കയറി തരിശുകിടന്ന പാടശേഖരം കണ്ടലുകള്‍ നട്ടുവളര്‍ത്തി ഹരിതോദ്യാനമായത് അധ്യാപകക്കൂട്ടായ്മയെ അത്ഭുതപ്പെടുത്തി.
രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി, സെക്രട്ടറി പി.എം.വില്‍സണ്‍ എന്നിവര്‍ പഠനസംഘത്തിന് നേതൃത്വം നല്കി.
കടലാക്രമണം തടയാന്‍ കടലില്‍ കരിങ്കല്ലിടുന്ന പദ്ധതി കോടികള്‍ ചെലവുവരുന്നതിനൊപ്പം പരിസ്ഥിതിക്ക് ദോഷകരമാണെന്നും തിരിച്ചറിവുലഭിച്ചതായും കണ്ടലുകള്‍ നട്ടുവളര്‍ത്തി പ്രകൃതിദത്ത കോട്ടകെട്ടുകയാണ് വേണ്ടതെന്നും പഠനസംഘം ഒരേസ്വരത്തില്‍ പറഞ്ഞു.
കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിച്ച് തീരസംരക്ഷണത്തിനുള്ള ദീര്‍ഘകാല പദ്ധതിക്ക് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കാട്ടൂര്‍ സ്കൂളിന്റെ പടിഞ്ഞാറെ തീരത്ത് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുമെന്നും ഫാ. സേവിയര്‍ കുടിയാംശ്ശേരി പറഞ്ഞു.