കായംകുളം: ശ്രീവിഠോബാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാളേയ്ക്കിത്തിരി ഊര്‍ജം' ഊര്‍ജ സംരക്ഷണ പദ്ധതി തുടങ്ങി.
പി.ടി.എ.യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീട്ടില്‍ മുന്നൂറു രൂപയ്ക്ക് മുകളില്‍ കറന്റ് ബില്‍ വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ വിദ്യാര്‍ഥിയും തൊട്ടടുത്തുള്ള ഒരു വീടുകൂടി കണ്ടെത്തി ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമാക്കും.
എല്ലാ തിങ്കളാഴ്ചയും വിദ്യാര്‍ഥികള്‍ ഒത്തുകൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. എല്ലാമാസവും ഊര്‍ജ സംരക്ഷണ പഠനക്ലാസ്സും നടത്തും. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സി.എഫ്.എല്‍. വിതരണവും നടത്തി.
ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ടി.ആര്‍.ആസാദ് പദ്ധതിയുടെ ഉദ്ഘാടനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ അമ്പിളി സുരേഷ് പഠനക്ലാസ്സിന്റെയും ഉദ്ഘാടനം നടത്തി. പി.ടി.എ. പ്രസിഡന്റ് വി.രാധാകൃഷ്ണപൈ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ജി.വിഠളദാസ് സി.എഫ്.എല്‍. വിതരണം ചെയ്തു. കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ജി.മഹേഷ് ക്ലാസ്സെടുത്തു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാമിനി സൗരഭന്‍, എ.ഇ.ഒ. പി.രാജേന്ദ്രന്‍, കെ.പ്രസാദ് കിണി, ആര്‍.അശ്വതി, രാജേഷ് കമ്മത്ത്, ശോഭാകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് എസ്.സുഭദ്രകുഞ്ഞമ്മ സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ഹരികുമാര്‍ നന്ദിയും പറഞ്ഞു.