കാടാങ്കുനി യു.പി.സ്‌കൂളില്‍ ഇലക്കറിത്തോട്ടം

Posted By : knradmin On 21st September 2013


 ചൊക്ലി: അണിയാരം കാടാങ്കുനി യു.പി.സ്‌കൂളില്‍ ഇലക്കറിത്തോട്ടം ഒരുങ്ങി. പോഷകഗുണമുള്ളതും വിഷാംശമില്ലാത്തതുമായ ഇലക്കറികള്‍ കുട്ടികള്‍ക്കു വിതരണംചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ്ബും കാര്‍ഷിക ക്ലബ്ബും ചേര്‍ന്ന് സ്‌കൂള്‍മുറ്റത്ത് ഇലക്കറിത്തോട്ടം ഒരുക്കിയത്. 

      സാമ്പാര്‍ചീര, അഗത്തിച്ചീര, കോവല്‍, മണിത്തക്കാളി, തോട്ടച്ചീര, തിപ്പലി, പുളിയാറില, കറിവേപ്പില, മുരിങ്ങ എന്നിവയാണ് തോട്ടത്തിലുള്ളത്.
വീട്ടുവളപ്പില്‍ ഇലക്കറിതോട്ടം തുടങ്ങാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നത് ക്ലബ്ബംഗങ്ങളായ അഭിനവ് ബാബു, മുഹസിന്‍, ഹംന, റയീസ്, സന, നിഹാല്‍, സൗരവ്കൃഷ്ണ, ഫിദ, അഫ്‌നിദ, അനുരഞ്ജ്, അനുരാഗ്, നവ്യ എന്നിവരാണ്. സ്‌കൂള്‍ ഇലക്കറിത്തോട്ടം പദ്ധതി 93വയസ്സുകഴിഞ്ഞ കര്‍ഷകന്‍ പാത്തിയില്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ കെ.പവിത്രന്‍ അധ്യക്ഷനായിരുന്നു.