മാന്നാര്‍: കുട്ടമ്പേരൂര്‍ ആറിന്റെ പുനര്‍ജ്ജനിക്കായി ക്രിയാത്മക പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ഥികള്‍ തിരുവാറന്മുളയിലേക്ക് യാത്രതിരിച്ച ചെന്നിത്തല പള്ളിയോടത്തിന് വഴിപാട് സമര്‍പ്പിച്ചു.
ചെന്നിത്തല ചെറുകോല്‍ ഗവ. മോഡല്‍ യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകരാണ് വ്യാഴാഴ്ച രാവിലെ വലിയപെരുമ്പുഴ പള്ളിയോടക്കടവിലെത്തി ഭഗവാന് പഴക്കുലയും വെറ്റിലയും വഴിപാടായി സമര്‍പ്പിച്ചത്.
സീഡ് റിപ്പോര്‍ട്ടര്‍ ആര്‍. ഗ്രീഷ്മയുടെ നേതൃത്വത്തില്‍ എത്തിയ സീഡ് പോലീസ് സംഘം വഴിപാട് ദ്രവ്യങ്ങള്‍ പള്ളിയോടത്തില്‍ സമര്‍പ്പിച്ചു. പള്ളിയോട ക്യാപ്ടന്‍ പ്രമോദ് വി.നായര്‍, പള്ളിയോടപ്രതിനിധി വി.കെ. അനില്‍കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
മോഡല്‍ യു.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ലീന, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ശ്രീലത, പി.ടി.എ. പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
പമ്പ-അച്ചന്‍കോവില്‍ നദികളുടെ കൈവഴിയായ കുട്ടമ്പേരൂര്‍ ആറ് കൈയേറ്റവും മാലിന്യവും കാരണം മരണാസന്നമായതു സംബന്ധിച്ച "മാതൃഭൂമി' വാര്‍ത്തകള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇത് സമൂഹത്തില്‍ ചര്‍ച്ചകള്‍ക്കും വഴിതുറന്നു. നദി നാടിന്റെ ജീവനാണെന്ന് തിരിച്ചറിഞ്ഞ ഗവ. മോഡല്‍ യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ രക്ഷയ്ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി.
വിദ്യാര്‍ഥികള്‍ കുട്ടമ്പേരൂര്‍ ആറിന്റെ പലഭാഗങ്ങളിലും എത്തി നദി കൈയേറ്റത്തിന്റെ ദുരവസ്ഥ നേരില്‍ക്കണ്ടു. അതിന് പരിഹാരംതേടി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, മുഖ്യമന്ത്രി, ജലസേചന മന്ത്രി, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ. തുടങ്ങി നിരവധി പേര്‍ക്ക് നിവേദനം നല്‍കി.
തുടര്‍ന്ന് കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണ പ്രര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികള്‍ ദിവസങ്ങളോളം പണിയെടുത്ത് ആറ്റിലെ പായല്‍ നീക്കി. റവന്യു അധികാരികള്‍ നദിയുടെ യഥാര്‍ഥ വീതി അളന്നെടുക്കാനായി സര്‍വേ നടത്തി.
പ്രതികൂല കാലാവസ്ഥയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയെങ്കിലും പായല്‍ നീക്കംചെയ്ത് തെളിഞ്ഞ വെള്ളത്തിലൂടെ ചെന്നിത്തല പള്ളിയോടം തിരുവാറന്മുളയിലേക്ക് സുഗമമായി യാത്രതിരിച്ചു.
പഴയകാല പ്രതാപത്തോടെ ഒഴുകാനുള്ളതരത്തില്‍ നവീകരണം പൂര്‍ത്തിയാകുന്നതുവരെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണം ലക്ഷ്യമിട്ട് ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞവര്‍ഷം തയ്യാറാക്കി അയച്ച ആശംസാ കാര്‍ഡുകളും ചിത്രരചനാമത്സരവും ശ്രദ്ധേയമായിരുന്നു.