പന്തളം: നാട്ടിലെ ഓണവിഭവങ്ങളുമായി സീഡ് പ്രവര്‍ത്തകര്‍ കാട്ടിലെത്തി. ആദിവാസികള്‍ക്ക് അരിയും ഉപ്പേരിയും സദ്യക്കുള്ള വിഭവങ്ങളും പുതിയ വസ്ത്രങ്ങളുമായാണ് പൂഴിക്കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ കോന്നി വനമേഖലയിലെ കാട്ടാത്തിപ്പാറയിലെത്തിയത്.
ഓണക്കാഴ്ചയുമായി ആദിവാസി ഊരുകളിലെത്തിയ കുട്ടികളെയും അധ്യാപകരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും 95 വയസ്സുള്ള മൂപ്പന്‍ ഗംഗാധരനും സംഘവും കപ്പപ്പുഴുക്കും ചായയും ബിസ്‌കറ്റും നല്‍കി സ്വീകരിച്ചു. കാട്ടുവിഭവങ്ങള്‍ ശേഖരിച്ചുവിറ്റ് ജീവിതം കഴിച്ചുകൂട്ടുന്ന മലമ്പണ്ടാരങ്ങളുടെ ജീവിതരീതിയും ആചാരങ്ങളും തൊഴിലും കാട്ടാത്തി വനം സംരക്ഷണ സമിതി പ്രസിഡന്റ് ഗിരീഷ്, ഭാസ്‌കരന്‍ എന്നിവര്‍ വിശദീകരിച്ചുകൊടുത്തു.
കാട്ടാത്തിപ്പാറയുടെ ഐതിഹ്യവും കഥകളും സീനിയര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ശശാങ്കന്‍നായര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ തേക്കിന്‍ തോട്ടവും വനത്തിലെ പലതരം വൃക്ഷങ്ങളും രണ്ടര കിലോമീറ്റര്‍ വരുന്ന വനയാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിലുണ്ടാവുന്ന വിപത്തുകളും ആദിവാസികള്‍ പറഞ്ഞുകൊടുത്തു. റെയ്ഞ്ച് ഓഫീസര്‍ സുനില്‍, സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ റഹ്മത്ത് റാവുത്തര്‍, ഡ്രൈവര്‍ ഓമനക്കുട്ടന്‍ എന്നിവര്‍ സീഡ് പ്രവര്‍ത്തകരെ സഹായിച്ചു.
പ്രഥമാധ്യാപകന്‍ ടി.ജി. ഗോപിനാഥന്‍പിള്ള, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബി. വിജയലക്ഷ്മി, കെ.ജി. സുജ, എസ്. അമ്പിളി, ആനിയമ്മ ജേക്കബ്, എം.ബി. സിന്ധു, ശ്രീരഞ്ജിനി, മഞ്ജു ആര്‍.നായര്‍, ശ്രീദേവി, അനിത, ഹേമ, ആര്യ ശിവന്‍, ദേവിക, ആദിത്യ, സന്ദീപ്, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.