കൊടുമണ്‍: അനാഥരുടെയും അശരണരുടെയും അനുഭവങ്ങള്‍ പങ്കിട്ട് അവരോടൊപ്പം നടത്തിയ ഓണാഘോഷം മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമായി.
തട്ടയില്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് കഴിഞ്ഞദിവസം പത്തനാപുരം ഗാന്ധിഭവനിലെത്തി അന്തേവാസികളോടൊപ്പം ഓണം ആഘോഷിച്ചത്. കുട്ടികള്‍ സമാഹരിച്ച 400 കിലോ അരി, തുവര, പയര്‍, വെളിച്ചെണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, സോപ്പ്, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഒരു വാഹനത്തിലും 40 വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ മറ്റൊരു വാഹനത്തിലുമായിട്ടാണ് തട്ടയില്‍നിന്ന് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്.
അന്തേവാസികള്‍ക്കൊപ്പം കുട്ടികള്‍ ഓണാഘോഷം നടത്തി. അത്തപ്പൂക്കളമിട്ടു പാട്ടുകള്‍ പാടി അവരോടൊപ്പം ഓണമുണ്ടു. അന്തേവാസികളുടെ ജീവിതാനുഭവങ്ങള്‍ കേട്ട ചില കുട്ടികള്‍ കരഞ്ഞു. മറ്റുചിലര്‍ ജീവിതത്തിന്റെ കയ്പും മധുരവും തിരിച്ചറിഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസിയായ ഒരു വിദ്യാര്‍ഥിയുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ സീഡ് ക്ലബ്ബംഗങ്ങള്‍ തീരുമാനിച്ചു.
ഗാന്ധിഭവനിലെ ഓണാഘോഷം പന്തളം ബ്ലോക്ക് പഞ്ചായത്തംഗം ഡി. പ്രസാദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പത്മജാദേവി, പി.ടി.എ. പ്രസിഡന്റ് എ.കെ. വിജയന്‍. സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ വി.എ. ബിജുകുമാര്‍, അധ്യാപകരായ ഹിമാദേവി, പി. പ്രീത, രേണുക, ശ്രീലേഖ, സിജു എന്നിവര്‍ പ്രസംഗിച്ചു.