റോഡ് സുരക്ഷാനിയമം പാലിച്ചവര്‍ക്ക് സീഡ് ക്ലബ്ബിന്റെ വക ഉപ്പേരിയും ശര്‍ക്കരവരട്ടിയും
Posted on: 16 Sep 2013
കോഴഞ്ചേരി:ട്രാഫിക് നിയമം പാലിച്ച് വ്യാഴാഴ്ച കേഴഞ്ചേരിയില്‍ വന്നവര്‍ക്കെല്ലാം സീഡ് ക്ലബ്ബിന്റെ വക കൈനിറയെ ഓണസമ്മാനം. നിയമം ലംഘിച്ചവര്‍ക്കാകട്ടെ പോലീസിന്റെ വക താക്കീതും ശകാരവും.
കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 40 സീഡ് ക്ലബ്ബംഗങ്ങളാണ് റോഡ് സുരക്ഷാനിയമം പ്രചാരണത്തിനായി കോഴഞ്ചേരി ടൗണിലെത്തിയത്. കൂടെ ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിനോദ്കമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും.
റോഡ് സുരക്ഷാ നിയമത്തിന്റെ പ്രധാന്യം പറഞ്ഞ് കുട്ടികളുടെ വഞ്ചിപ്പാട്ട് കൂടിയായതോടെ നഗരത്തിലെത്തിയവരും സീഡ് ക്ലബ്ബിന്റെ കൂടെക്കൂടി. വന്നെത്തിയവര്‍ക്കെല്ലാം സംഘത്തിലുണ്ടായിരുന്ന മാവേലിയുടെ അനഗ്രഹവും.
നിയമം പാലിച്ച് വാഹനമോടിച്ചെത്തിയവര്‍ക്ക് സീഡ്ക്ലബ്ബ് തയ്യാറാക്കിയ ഉപ്പേരി, കളിയടയ്ക്ക, ശര്‍ക്കരവരട്ടി, ഉണ്ണിയപ്പം എന്നിവയടങ്ങിയ പാക്കറ്റ് സമ്മാനം കിട്ടി. കൂടെ റോഡ് സുരക്ഷയുടെ സന്ദേശവും.
കാര്യമറിയാതെ വന്നുപെട്ടുപോയ നിയമം ലംഘിച്ചവരെ കുട്ടികള്‍ തടഞ്ഞുനിര്‍ത്തി ബോധവത്കരണം നടത്തി. ഒപ്പം പോലീസെത്തി കര്‍ശന ഭാഷയിലെ താക്കീതും നല്‍കി. ഹൈവേ പോലീസും സ്ഥലത്തെത്തി.
സീഡ് ക്ലബ്ബംഗങ്ങള്‍ രാവിലെ ആറന്മുള പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ജനമൈത്രി പോലീസ് ഇവരെ കാപ്പിയും മധുരവും നല്‍കി സ്വീകരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ആര്‍. പ്രീത, ഹെഡ്മിസ്ട്രസ് ശ്യാമളാമ്മ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ് ബാബു, പി.ടി.എ. പ്രസിഡന്റ് ശിവന്‍കുട്ടിനായര്‍, മോഹനചന്ദ്രറാവു, വെങ്കി, സീഡ് ക്ലബ്ബ് പ്രസിഡന്റ് ജിതിന്‍ ജോസ്, സെക്രട്ടറി അമീര്‍ഷാ, ഇന്ദുലക്ഷ്മി, റിയ എന്നിവര്‍ നേതൃത്വം നല്കി.