ശലഭങ്ങളുമായി കൂട്ടുകൂടാന്‍ സ്കൂള്‍ മുറ്റത്ത് ശലഭപാര്‍ക്ക് ഒരുങ്ങുന്നു

Posted By : Seed SPOC, Alappuzha On 15th September 2013



എടത്വ: കുട്ടികള്‍ക്ക് ചിത്രശലഭങ്ങളുമായി കൂട്ടുകൂടാന്‍ ചങ്ങംകരി ദേവസ്വം ബോര്‍ഡ് യു.പി.സ്കൂളില്‍ ശലഭോദ്യാനം ഒരുക്കുന്നു. ശലഭങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചെടികള്‍ പള്ളിക്കൂടത്തിന്റെ മുറ്റത്ത് നട്ടാണ് ഇത് നടപ്പാക്കുക. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് ഒരുക്കുന്ന ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും ഓണാഘോഷവും വെള്ളിയാഴ്ച നടന്നു.
ചെറുനാരകം, വാക, കണിക്കൊന്ന, കറ്റാര്‍വാഴ, നീര്‍മാതളം, കറുവ, വഴണ, കരിവേപ്പ്, അരണമരം, കൂവളം, മാവ്, കുറുന്തോട്ടി, പുളി, കാച്ചില്‍, കനകാംബരം, മന്ദാരം, പാഷന്‍ഫ്രൂട്ട്, ഉങ്ങ്, കൊഴുപ്പ, തെറ്റി, ഞാറ, നന്ത്യാര്‍വട്ടം, തുമ്പ, മുക്കുറ്റി, അശോകം തുടങ്ങിയ ചെടികളാണ് സ്കൂള്‍ മുറ്റത്ത് നട്ടത്. ഈ ഇനത്തിലെ കൂടുതല്‍ ചെടികള്‍ അടുത്ത ദിവസങ്ങളില്‍ നട്ടുപിടിപ്പിക്കുമെന്ന് സീഡ് കോ ഓര്‍ഡിനേറ്റര്‍ ജി.രാധാകൃഷ്ണന്‍ പറഞ്ഞു.
തലവടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശശികുമാര്‍ ജി.വാര്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃഭൂമി സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അമൃത സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഉഷാകുമാരി, സീനിയര്‍ അസിസ്റ്റന്റ് ടി.ആര്‍.ഗിരിജകുമാരി എന്നിവര്‍ പങ്കെടുത്തു. ജി.രാധാകൃഷ്ണന്‍ സ്വാഗതവും എന്‍.ശ്രീഹരി നന്ദിയും പറഞ്ഞു. കോട്ടയം നേച്ചര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സ്കൂള്‍ മുറ്റത്ത് ശലഭപാര്‍ക്ക് ഒരുക്കുന്നത്.