അത്തിയിലയില്‍ പൊതിഞ്ഞ മധുരം നുണഞ്ഞ് സീഡ് അധ്യാപക സംഗമം

Posted By : ksdadmin On 10th July 2013


 കാഞ്ഞങ്ങാട്:അത്തിയിലയില്‍ പൊതിഞ്ഞ് നല്കിയ ഈത്തപ്പഴം നുണഞ്ഞ് മാതൃഭൂമി സീഡ് അധ്യാപക ശില്പശാല. അഞ്ചാം വര്‍ഷത്തേക്ക് വളര്‍ന്നു പന്തലിച്ച സീഡിന്റെ ജില്ലയിലെ സ്‌കൂളുകളില്‍നിന്നുള്ള കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ ശില്പശാലയാണ് പുതിയ അനുഭവപാഠങ്ങളുടേതായത്.

അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ (വനം) ടി.വി.ജയമാധവന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. സീഡന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനംചെയ്തു. സീഡ് പ്രവര്‍ത്തനം വിദ്യാര്‍ഥികളിലും വിദ്യാലയങ്ങളിലും ഉണ്ടാക്കിയ മാറ്റം വിലമതിക്കാനാകാത്തതാണെന്നും ജയമാധവന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷത്തെ മികച്ച സീഡ് കോ-ഓര്‍ഡിനേറ്റര്‍ മൊഗ്രാല്‍-പുത്തൂര്‍ എച്ച്.എസ്.എസ്. അധ്യാപകന്‍ പി.വേണുഗോപാലന് ഈത്തപഴം നല്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പി.ഐ.സുധാകരന്‍ സംസാരിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് സ്വാഗതവും സീനിയര്‍ കറസ്‌പോണ്ടന്റ് കെ.രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ മനോജ് കുഞ്ഞിപ്പുരയില്‍, കെ.ജയചന്ദ്രന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. സീഡിന്റെ ഭാഗമായുള്ള സീസണ്‍ വാച്ച് പദ്ധതിയെപ്പറ്റി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് നിസാര്‍ ക്ലാസെടുത്തു. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍ സീഡ് പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.
നെല്ലിക്കുന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സീഡ് കോ ഓര്‍ഡിനേറ്ററും സംഗീതാധ്യാപകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ട് രവീന്ദ്രന്‍ പാടിയുടെ 'ഭൂമിവന്ദനം' എന്ന കവിത ആലപിച്ചു. 
  ജലം, ഭക്ഷണം, ജീവന്‍ എന്ന ആശയത്തിന് മുന്‍തൂക്കം നല്കിയാണ് ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്തിരിക്കുന്നത്. ഒരുനുള്ള് ഭക്ഷണംപോലും ആവശ്യത്തിലധികം കഴിക്കുകയില്ലെന്നും ഒരുതരിപോലും പാഴാക്കുകയില്ലെന്നും പ്രതിജ്ഞചെയ്തുകൊണ്ടാണ് ശില്പശാല തുടങ്ങിയത്. പ്രതിജ്ഞ പൊതാവൂര്‍ സ്‌കൂള്‍ അധ്യാപകന്‍ കെ.എം.അനില്‍കുമാര്‍ ചൊല്ലിക്കൊടുത്തു.