പരിസ്ഥിതി ക്ലബ്ബുകള്‍ക്ക് 'സീഡ്' ദിശാബോധം നല്‍കി

Posted By : knradmin On 10th July 2013


കണ്ണൂര്‍: സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയത് മാതൃഭൂമി സീഡാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തി. 
  പരിസ്ഥിതിയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുന്നതില്‍ സീഡ് വലിയ പങ്കാണ് വഹിച്ചതെന്നും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍മാരുടെ സംഗമത്തിനെത്തിയവര്‍ പറഞ്ഞു.
അരികിലാക്കപ്പെടുന്ന കുട്ടികളെക്കൂടി മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സീഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കുന്നതിലൂടെ സാധിച്ചതായും നാലുവര്‍ഷത്തെ അനുഭവത്തില്‍നിന്ന് ചിറക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗീതാ നായര്‍ ചൂണ്ടിക്കാട്ടി. പുതുതലമുറയെ നന്മയുള്ളവരാക്കി വളര്‍ത്താന്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. മാഹിയിലെ സ്‌കൂളുകളുടെ സംയുക്ത പി.ടി.എ.യുടെ സഹകരണത്തോടെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് മാഹി മേഖലാ കോ ഓര്‍ഡിനേറ്റര്‍ സ്‌നേഹപ്രഭ പറഞ്ഞു. 
കഴിഞ്ഞവര്‍ഷം മികച്ച കോ ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയ കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ രാജന്‍ കുന്നുമ്പ്രോന് അത്തിയിലയില്‍ ഈത്തപ്പഴം നല്‍കി തലശ്ശേരി ഡി.ഇ.ഒ. ദിനേശന്‍ മഠത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 
   മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം നേടിയ പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് ഭക്ഷണസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിര്‍ന്നവര്‍ക്ക് പരിസ്ഥിതിബോധം ഗൗരവമായുണ്ടെങ്കില്‍ മാത്രമേ കുട്ടികളിലേക്ക് അത് പകരാനാവൂ എന്ന് ഡി.ഇ.ഒ. അഭിപ്രായപ്പെട്ടു. അധ്യാപകര്‍ക്ക് സാമൂഹികപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും സീഡിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ സന്നദ്ധപ്രവര്‍ത്തകര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡി.എഫ്.ഒ. സി.വി.രാജന്‍, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ഇ.സുനില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് സ്വാഗതവും തലശ്ശേരി എസ്.പി. ഒ.സി.ദീപാങ്കുരന്‍ നന്ദിയും പറഞ്ഞു. 
സീഡിന്റെ അഞ്ചാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അധ്യാപകര്‍ക്ക്       ശില്പശാല   സംഘടിപ്പിച്ചത്.