'മാതൃഭൂമി 'യുടെ ദൗത്യം മാതൃകാപരം -കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.

Posted By : knradmin On 10th September 2013


 പിലിക്കോട്:പരിസ്ഥിതിക്ക് ഭീഷണിയായി മാറിയ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി മാതൃഭൂമി ഏറ്റെടുത്തിരിക്കുന്ന 'ലവ് പ്ലാസ്റ്റിക് പദ്ധതി' മാതൃകാപരമാണെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള പ്ലാസ്റ്റിക് ശേഖരണ വാഹനത്തിന്റെ കാസര്‍കോട് ജില്ലാതലപ്രയാണം പിലിക്കോട് സി.കെ.എന്‍.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, കരുതലോടെ ഉപയോഗിക്കുക, പുനരുത്പാദനത്തിനായി ഉപയോഗിക്കുകയെന്ന സന്ദേശമാണ് മാതൃഭൂമി പൊതുസമൂഹത്തിന് നല്‍കുന്നത്. നാം അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ സഹായകമായവയാണെന്ന സന്ദേശം കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലേക്കുകൂടി പകരാന്‍ കഴിയണമെന്ന് എം.എല്‍.എ. പറഞ്ഞു.  പ്ലാസ്റ്റിക്മാലിന്യ നിര്‍മാര്‍ജനരംഗത്ത് 'മാതൃഭൂമി'യുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി പറഞ്ഞു. മാലിന്യമുക്തമാക്കി ശുചിത്വ ഗ്രാമമാക്കാനുള്ള ഗ്രാമപ്പഞ്ചായത്ത് നടപടികള്‍ക്ക് ലവ്പ്ലാസ്റ്റിക് പദ്ധതി കരുത്ത് പകരുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു.സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരന്‍, പി.ടി.എ. പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ പി.സി.ചന്ദ്രമോഹനന്‍, പ്രഥമാധ്യാപിക എം.പ്രസന്നകുമാരി, മാതൃഭൂമി ലേഖകന്‍ ഇ.വി.ജയകൃഷ്ണന്‍, സീഡ് യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.ജയചന്ദ്രന്‍, എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ കെ.മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ചെറുവത്തൂര്‍ ലേഖകന്‍ ടി.രാജന്‍ സ്വാഗതം പറഞ്ഞു. 
      ഈസ്റ്റേണ്‍ ഗ്രൂപ്പ്, പെലിക്കന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് മാതൃഭൂമി ഈ പദ്ധതി നടപ്പാക്കുന്നത്.