പാപ്പിനിശ്ശേരി: മാതൃഭൂമി 'ലവ്പ്ലാസ്റ്റിക്' പദ്ധതിയിലൂടെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിനായി നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി. സുരേഷ് രാജ് പുരോഹിത് പറഞ്ഞു.
നിത്യജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താനാവാത്ത പ്ലാസ്റ്റിക്കിനെ വലിച്ചെറിയാതെ മെരുക്കാന്‍ മാതൃഭൂമി സീഡ് പദ്ധതിയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്- ഐ.ജി. അഭിപ്രായപ്പെട്ടു. ഇന്നത്തെ തലമുറ പ്ലാസ്റ്റിക് മാലിന്യത്തില്‍ മുങ്ങിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നമുക്ക് മാറിനില്ക്കാനാവില്ല. മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായുള്ള പ്ലാസ്റ്റിക് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് രാജ് പുരോഹിത്.
പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ കെ.ബി.സുവര്‍ണലത, പ്രഥമാധ്യാപിക കെ.പി.ശാന്തകുമാരി, പി.ടി.എ. പ്രസിഡന്റ് വി.വി.പവിത്രന്‍, മാതൃഭൂമി പ്രത്യേക ലേഖകന്‍ ആര്‍.ഹരികുമാര്‍, സ്‌കൂള്‍ ഡീസ് കോ ഓര്‍ഡിനേറ്റര്‍ വി.ശശിധരന്‍, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈസ്റ്റേണ്‍ ഗ്രൂപ്പ്, പെലിക്കന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മാതൃഭൂമി ഈ പദ്ധതി നടപ്പാക്കുന്നത്.