കരവാളൂര്‍ എ.എം.എം. സ്‌കൂളില്‍ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു

Posted By : klmadmin On 8th September 2013


 പുനലൂര്‍: വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കുക, കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക എന്നിവയാണ് സ്‌കൂള്‍ മുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കുമ്പോള്‍ കരവാളൂര്‍ എ.എം. എം. ഹൈസ്‌കൂളിലെ അധ്യാപകരുടെ മനസ്സില്‍.
വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനായി മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ് (സീഡ്) പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ സീഡ് ക്ലബ്ബാണ് പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.
150 ചാക്കുകളില്‍ മണ്ണുനിറച്ച് കാബേജ്, കോളിഫ്‌ളവര്‍, വെണ്ട, വഴുതന, പയര്‍ മുതലായവയാണ് കൃഷി ചെയ്തിട്ടുള്ളത്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.വാസവന്‍ പ്രഥമാധ്യാപിക സുജാ ജോര്‍ജിന് വിത്ത് നല്‍കിക്കൊണ്ട് പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.
കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസ്സി രാജു, വൈസ്പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി. എം.അച്ചന്‍കുഞ്ഞ്, സ്റ്റാഫ് സെക്രട്ടറി സാംജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. 500 ചാക്കുകളിലായി കൃഷി വിപുലപ്പെടുത്തുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി. എം.അച്ചന്‍കുഞ്ഞ് അറിയിച്ചു.