ശാന്തന്‍പാറ: ഓര്‍മ്മകളിലെ മഷിപ്പേനയും നാരങ്ങാ മിഠായിയും ഒരിക്കല്‍കൂടി അധ്യാപകര്‍ക്ക് സമ്മാനിച്ച് മുരിക്കുംതൊട്ടി മരിയാഗൊരേത്തി യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകദിനം ശ്രദ്ധേയമാക്കി. പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിനും സ്കുളില്‍ തുടക്കംകുറിച്ചു. സ്കുളിലെ എല്ലാ അധ്യാപകര്‍ക്കും മാനേജര്‍ക്കും സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മഷിപ്പേന നല്കി. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് വടകര അധ്യാപകദിന സന്ദേശം നല്കി. ശാന്തന്‍പാറ പഞ്ചായത്ത് എല്‍.പി. സ്കൂളില്‍നിന്ന് വിരമിച്ച രോഹിണി ടീച്ചറെ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. സ്ലേറ്റും കല്ലുപെന്‍സിലും മഷിപ്പേനയും ഉണ്ടായിരുന്ന കാലത്തെക്കുറിച്ചും അധ്യാപനത്തിന്റെ മഹത്വവും ടീച്ചര്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു.