പ്രകൃതിയുടെ താളം ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കി ദേശീയ അംഗീകാരത്തിലേക്ക്....

Posted By : ktmadmin On 5th September 2013


കാഞ്ഞിരപ്പള്ളി: ആയിരത്തിലധികം ശിഷ്യര്‍ക്ക് അറിവിന്റെ തിരിതെളിച്ച പ്രകൃതിയുടെ ഉപാസകയ്ക്ക്, ആന്‍സമ്മ ടീച്ചര്‍ക്ക് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അംഗീകാരം കിട്ടുമ്പോള്‍ അത് നാടിന്റെ കൂടെ പുണ്യമാവുകയാണ്.

മതമൈത്രിയുടെ സംഗമസ്ഥാനമായ എരുമേലിയിലെ സെന്റ് തോമസ് സ്‌കൂളിലെ അധ്യാപികയാണ് ആന്‍സമ്മ മാത്യു.

മാതൃഭൂമി സീഡിന്റെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ മികച്ച കോ-ഓര്‍ഡിനേറ്ററായി തുടര്‍ച്ചയായി മൂന്നു തവണ പുരസ്‌കാരം നേടിയ ആന്‍സമ്മ ടീച്ചര്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്.

ഔഷധസസ്യതോട്ടവും കരനെല്‍ കൃഷിയും ജൈവകൃഷിയും സ്‌കൂളിനെയും ഒപ്പം കുട്ടികളെയും 'ഹരിതാഭ'മാക്കി. മാതൃഭൂമി സീഡിന്റെ ഹരിതവിദ്യാലയം അവാര്‍ഡും ലഭിച്ചു.

ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്ന ടീച്ചറുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്യുമെന്ററികളും പുറത്തിറങ്ങി. അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്ന ശബരിമല തീര്‍ത്ഥാടന വഴിയായ കണമലയില്‍ അടിന്തരമായി നടപ്പാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ടീച്ചറുടെ നേതൃത്വത്തില്‍ പഠനം നടത്തി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പലതും അംഗീകരിച്ച് നടപ്പാക്കി.

1985ല്‍ കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിപ്പിച്ച ആന്‍സമ്മ മാത്യു, കോട്ടയം മരിയന്‍ സിബിഎസ്ഇ, മരിയന്‍ പബ്ലിക് സ്‌കൂളുകളില്‍ ആറു വര്‍ഷം സേവനമനുഷ്ഠിച്ചു. 20 വര്‍ഷമായി കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ സ്‌കൂളുകളായ എസ്എച്ച് ഹൈസ്‌കൂള്‍ രാമക്കല്‍മേട്, ക്രിസ്തുരാജ് എച്ച്എസ് വലിയതോവാള, സെന്റ് ഫിലോമിനാസ് എച്ച്എസ് ഉപ്പുതറ, സെന്റ് ജോസഫ്‌സ് ചിന്നാര്‍, സെന്റ് മേരീസ് തെക്കേമല, സെന്റ് ഡൊമിനിക്‌സ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

2006ല്‍ എരുമേലി സെന്റ് തോമസ് എച്ച്എസ്എസ്സില്‍ പ്രിന്‍സിപ്പലായി. ആന്‍സമ്മ മാത്യുവിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുന്ന കൈയെഴുത്തുമാസികയായ 'ഹരിതക'ത്തിന് സീഡിന്റെ സംസ്ഥാനതല പുരസ്‌കാരം കിട്ടി.

2010-11 വര്‍ഷത്തെ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ഡിസ്ട്രിക്ട് ഗവര്‍ണറാണ്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ സ്‌പെഷല്‍ഡ്യൂട്ടി ഓഫീസറാണ്. കാഞ്ഞിരപ്പള്ളി ആനക്കല്ല് മടുക്കക്കുഴി കെ.എം.മാത്യു (റിട്ട. ഉദ്യോഗസ്ഥന്‍, ഭവനനിര്‍മ്മാണ ബോര്‍ഡ്) ആണ് ഭര്‍ത്താവ്. മകള്‍: ആന്‍ മറിയ മാത്യു ചെന്നൈയില്‍ എന്‍ജിനിയറാണ്.