ജലം, ജീവന്‍, ഭക്ഷണം; പുതിയ പ്രതിജ്ഞയെടുത്ത് അധ്യാപകര്‍

Posted By : ptaadmin On 9th July 2013


മാതൃഭൂമി സീഡ് അഞ്ചാംവര്‍ഷത്തിലേക്ക്

തിരുവല്ല: പരിസ്ഥിതിസംരക്ഷണത്തിന് കുട്ടികളെ പ്രാപ്തരാക്കാന്‍ അധ്യാപകര്‍ വീണ്ടും മാതൃഭൂമി സീഡിനൊപ്പം ചേര്‍ന്നു. അഞ്ചാംവര്‍ഷത്തിലേക്ക് കടന്ന സീഡ് പദ്ധതിയില്‍ ജില്ലയിലെ അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് തിങ്കളാഴ്ച പരിശീലനം നല്‍കി.

തിരുവല്ല പുഷ്പഗിരി റോഡിലുള്ള ഓയ്‌സറ്റര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിശീലനപരിപാടി പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.ബി.ഓമനക്കുട്ടന്‍ ഉദ്ഘാടനംചെയ്തു. ചുരുങ്ങിവരുന്ന വനങ്ങളാണ് ഭൂമിയുടെ നിലനില്പിനുള്ള വലിയ ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു.

വനവത്കരണത്തില്‍ മാതൃഭൂമി 'സീഡ്' പദ്ധതിയിലൂടെ കാട്ടുന്ന ഉത്സാഹം പ്രശംസനീയമാണ്. സമൂഹം ഏറ്റെടുത്ത പദ്ധതിയായി സീഡ് മാറിയെന്ന് അദ്ദേഹം വിലയിരുത്തി.

ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജരും തിരുവല്ല റീജണല്‍ ഹെഡ്ഡുമായ മോഹന്‍ പി. എബ്രഹാം ആശംസ അര്‍പ്പിച്ചു. മാതൃഭൂമി കോട്ടയം ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു സ്വാഗതവും ബിസിനസ് ഡെവലപ്‌മെന്റ് ഡെപ്യൂട്ടി മാനേജര്‍ കെ.ജി.നന്ദകുമാര്‍ ശര്‍മ നന്ദിയും പറഞ്ഞു. കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ്, ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.

പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസജില്ലകളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് രണ്ടു സെഷനിലായാണ് പരിശീലനം നല്‍കിയത്. മാതൃഭൂമി പത്തനംതിട്ട ജില്ലാലേഖകന്‍ പി.കെ.ജയചന്ദ്രന്‍ ക്ലാസ് നയിച്ചു.

ഓരോ വിദ്യാലയത്തെയും മികച്ച പരിസ്ഥിതിപ്രവര്‍ത്തനകേന്ദ്രമാക്കുകയാണ് 'സീഡ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏഴായിരം വിദ്യാലയങ്ങളില്‍ സീഡ് പ്രവര്‍ത്തനം വിജയകരമായി മുന്നേറുന്നു. പരിസ്ഥിതിസംരക്ഷണത്തിന് വിദ്യാലയങ്ങളില്‍ നടപ്പാക്കേണ്ട പ്രായോഗികപ്രവര്‍ത്തനങ്ങളെക്കുറിച്ച് അധ്യാപകരെ ബോധവാന്മാരാക്കുന്നതിനായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.

ജലം, ജീവന്‍, ഭക്ഷണം എന്ന ആശയത്തിന് മുന്‍തൂക്കം നല്കിയാണ് ഈവര്‍ഷം സീഡ് പ്രവര്‍ത്തനം നടപ്പാക്കുക. ഇതിനായി അധ്യാപകര്‍ പ്രതിജ്ഞയെടുത്തു.