പാലക്കാട്: പ്രകൃതിയെക്കുറിച്ചുള്ള ആശങ്കകളും ഭക്ഷ്യസാധനങ്ങള്‍ പാഴാക്കില്ലെന്ന പ്രതിജ്ഞയുമായി മാതൃഭൂമി സീഡ്പദ്ധതിയുടെ 2013-14 അധ്യയനവര്‍ഷത്തെ കര്‍മപദ്ധതികള്‍ക്ക് തുടക്കമായി. പാലക്കാട് ബി.ഇ.എം. സ്‌കൂളിലെ വിദ്യാര്‍ഥികളെ സാക്ഷിയാക്കി വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃഭൂമി പാലക്കാട്‌യൂണിറ്റ് മാനേജര്‍ കെ. സേതുമാധവന്‍നായര്‍ അധ്യക്ഷനായി. സര്‍ക്കാരുകള്‍ സ്വമേധയാ എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് കരുതാനാവില്ലെന്നും ഇടപെടാതിരിക്കാനാവില്ലെന്ന ഘട്ടംവരുമ്പോള്‍ മാത്രമേ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുള്ളൂ എന്നും വി.ടി. ബല്‍റാം എം.എല്‍.എ. പറഞ്ഞു. വരാനിരിക്കുന്ന തലമുറയെക്കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രീയസമീപനം രൂപപ്പെടണം. ഇന്ന് വികസനമെന്നപേരില്‍ ചെയ്തുകൂട്ടുന്ന പല കാര്യങ്ങളും നിലനിര്‍ത്താനാവില്ല. സാമ്പ്രദായികചിന്തയില്‍നിന്ന് വേറിട്ടാവണം വികസനപ്രശ്‌നങ്ങളെ സമീപിക്കേണ്ടത്. മറ്റിടങ്ങളിലെ വികസനമാതൃകകളെ അതേപടി പറിച്ചുനടുന്നത് കേരളത്തിന് ഗുണകരമല്ല. വികസനം അടിസ്ഥാനപരമായി പരിസ്ഥിതിസംരക്ഷണമാണെന്ന് തിരിച്ചറിയണമെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു. താനുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മുദ്രാവാക്യങ്ങളെ സമൂഹം ഏറ്റെടുക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടെന്നും ബല്‍റാം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കണമെന്നുമാത്രം ചിന്തിക്കുന്ന സാധാരണ രാഷ്ട്രീയക്കാര്‍ക്കുപകരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രതന്ത്രജ്ഞരെയാണ് നാടിന് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിത ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധിയെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എന്ത് ചെയ്യാനാവുമെന്ന ബി.ഇ.എം. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗോപികയുടെ ചോദ്യത്തിന് മറുപടിയായാണ് ബല്‍റാം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മണ്ണിനെയും പ്രകൃതിയെയും മറന്ന വികസനം നിലനില്‍ക്കില്ല. ഭരണാധികാരികളെ ആ കാഴ്ചപ്പാടിലേക്ക് നയിക്കാനുള്ള ആര്‍ജവം വിദ്യാര്‍ഥികള്‍ക്കുണ്ടാവണം. മാതൃഭൂമിയുടെ സീഡ്പദ്ധതി ഈ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഗീത, സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി ജോയന്റ് ഡയറക്ടറും കേരഫെഡ് മാനേജിങ് ഡയറക്ടറുമായ അശോക്കുമാര്‍ തെക്കന്‍, സാമൂഹ്യ വനവത്കരണവിഭാഗം എ.സി.എഫ്. എന്‍. രാജേഷ്, പാലക്കാട് ഫെഡറല്‍ബാങ്ക് ചീഫ് മാനേജര്‍ സിന്ധു ആര്‍.എസ്. നായര്‍, ബി.ഇ.എം.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക ഷീല പി. ജോണ്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍, ഡെപ്യൂട്ടി എഡിറ്റര്‍ ടി. അരുണ്‍കുമാര്‍, ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുക്കാട് എന്നിവര്‍ പ്രസംഗിച്ചു. 'പ്രകൃതിയെ വന്ദിക്കാം ഒന്നായ് നമുക്ക്' എന്ന ബി.ഇ.എം. സ്‌കൂള്‍ പരിസ്ഥിതിക്ലബ്ബ് അംഗങ്ങളുടെ പരിസ്ഥിതി ഗാനവുമായാണ് ചടങ്ങിന് തുടക്കമായത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. സ്‌കൂള്‍മുറ്റത്തെ ഉദ്യാനത്തില്‍ സീഡ്പ്രവര്‍ത്തനങ്ങളുടെ തുടക്കമായി വി.ടി. ബല്‍റാം എം.എല്‍.എ. യും ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണയ്ക്കായി ഡി.ഡി.ഇ. എ. ഗീതയും വൃക്ഷത്തൈകള്‍ നട്ടു.