കായംകുളം: ആവാസ വ്യവസ്ഥയില്‍ കണ്ടല്‍ ചെടികളുടെ പ്രാധാന്യം കണ്ടറിഞ്ഞ് തീര സംരക്ഷണ പദ്ധതിയുമായി സീഡ് ക്ലബ് അംഗങ്ങള്‍ രംഗത്ത്.
കാട്ടൂര്‍ ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് പഠനയാത്രയില്‍നിന്ന് ലഭിച്ച അറിവും ഊര്‍ജവും സ്വന്തം ഗ്രാമത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
കണ്ടലിനെ കണ്ടറിയുവാനും തൊട്ടറിയുവാനും മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂര്‍ സ്കൂളില്‍ നിന്നും 35 സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരുമാണ് ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളിയിലെ മാംഗ്രോവ് ഐലില്‍ എത്തിയത്.
ഉപ്പുവെള്ളം കയറി തരിശുകിടന്ന പാടശേഖരത്തില്‍ എം.ആര്‍.അനില്‍കുമാര്‍ സ്ഥാപിച്ച കണ്ടല്‍ സംരക്ഷണ പദ്ധതിയാണ് മാംഗ്രോവ് ഐല്‍.
വിവിധതരം കണ്ടലുകള്‍ വളരുന്ന ഏക്കര്‍ കണക്കിനു വരുന്ന സ്ഥലവും അവയ്ക്കിടയില്‍ വളരുന്ന വിവിധതരം സസ്യലതാദികളും കുളങ്ങളില്‍ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ദേശാടനപ്പക്ഷിക്കൂട്ടങ്ങളുമെല്ലാം കുട്ടികള്‍ക്ക് പുതിയ അനുഭവമായി.
കണ്ടല്‍ ചെടികളുടെ പ്രത്യേകതകള്‍, നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മണ്ണ്, ജലം സംരക്ഷിക്കുന്നതില്‍ കണ്ടല്‍ ചെടികള്‍ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. രാധാകൃഷ്ണക്കുറുപ്പ്, എം.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു.
തുടര്‍ന്ന് ആയിരംതെങ്ങിലെ ഫിഷ്ഫാമിനോടു ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകളും കുട്ടികള്‍ സന്ദര്‍ശിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ഇഗ്‌നേഷ്യസ്, അധ്യാപകരായ ടി.പ്രീത, റോസ് ജാസ്മിന്‍, ജോസ് കുര്യന്‍, പഞ്ചായത്ത് അംഗം ശശിധരന്‍ എന്നിവരാണ് പഠനയാത്രയ്ക്ക് നേതൃത്വം നല്കിയത്.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ രണ്ട് തീരദേശ വാര്‍ഡുകളിലെ തീരദേശത്ത് ഒന്നാംഘട്ടമായി കണ്ടല്‍ചെടികള്‍ വെച്ചുപിടിപ്പിക്കാനാണ് സീഡ് ക്ലബ്ബിന്റെ ലക്ഷ്യം. പഞ്ചായത്ത് ഭരണസമിതിയുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായി സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ഇഗ്‌നേഷ്യസ് പറഞ്ഞു.