'മാതൃഭൂമി' സീഡ്: അധ്യാപകപരിശീലനം 11, 12 തിയ്യതികളില്‍

Posted By : ktmadmin On 9th July 2013


കോട്ടയം: കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തെ പ്രകൃതിയുടെ ഉപാസകരായി മാറ്റാനും അതുവഴി മണ്ണിനെയും പുഴകളെയും മരങ്ങളെയും സ്‌നേഹിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുന്നതിനും നിര്‍ണായകപങ്കുവഹിക്കുന്ന മാതൃഭൂമി സീഡ് പദ്ധതി അഞ്ചാംവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2013-14 അധ്യയനവര്‍ഷത്തിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര പരിസ്ഥിതിദിനമായ ജൂണ്‍ 5ന് തുടക്കമിട്ടു. പാലാ, കടുത്തുരുത്തി വിദ്യാഭ്യാസജില്ലകളിലെ സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനപരിപാടി ജൂലായ് 11നും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനപരിപാടി ജൂലായ് 12നും നടക്കും.

പാലാ വിദ്യാഭ്യാസജില്ലയിലെ അധ്യാപകരുടെ പരിശീലനപരിപാടി 11ന് വ്യാഴാഴ്ച രാവിലെ 10നും കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്കുള്ള പരിശീലനം അന്ന് ഉച്ചയ്ക്ക് 2നും കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടത്തും.

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്കുള്ള പരിശീലനപരിപാടി 12ന് വെള്ളിയാഴ്ച 10 മണിക്ക് എരുമേലി സെന്റ്‌തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. വിദ്യാഭ്യാസവകുപ്പ്, വനംവകുപ്പ്, ഫെഡറല്‍ ബാങ്ക് എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കും.

'സമൂഹനന്മ കുട്ടികളിലൂടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജലം, ഭക്ഷണം, ജീവന്‍ എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതിസംരക്ഷണത്തിനായി വിദ്യാലയങ്ങളില്‍ നടപ്പാക്കാനാകുന്ന പ്രായോഗികപ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്‌കൂളില്‍ സീഡ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരെ ബോധവാന്മാരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ഓരോ വിദ്യാലയവും മികച്ച പരിസ്ഥിതിപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുകയാണ് 'സീഡ്' പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏഴായിരത്തോളം വിദ്യാലയങ്ങളില്‍ സീഡിന്റെ ഭാഗമായി പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

'കേരം കാക്കാന്‍ കുട്ടിക്കൂട്ടം' എന്ന പേരില്‍ 'സീഡും' നാളികേരവികസനബോര്‍ഡും ചേര്‍ന്ന് നടത്തിയ കുട്ടിപാര്‍ലമെന്റ്, ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലെ ആദ്യസംരംഭമായി.

സീഡ് പോലീസ്, ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, കാര്‍ഷികപ്രവര്‍ത്തനങ്ങളും ഭക്ഷ്യസംസ്‌കാരവും, ജൈവവൈവിധ്യ സംരക്ഷണം, ഊര്‍ജസംരക്ഷണം, മലിനീകരണനിയന്ത്രണം, സീഡ് റിപ്പോര്‍ട്ടര്‍, സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍, ലവ്പ്ലാസ്റ്റിക്, സീസണ്‍ വാച്ച് തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തവണ സീഡിനെ വ്യത്യസ്തമാക്കുന്നത്.