വിദ്യാര്‍ഥികളുടെ കരനെല്‍കൃഷി

Posted By : tcradmin On 8th July 2013


 കുരുന്നുകള്‍ കരനെല്‍കൃഷി നടത്തി കൃഷിപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങി. വെള്ളാനിക്കര കെ.എ.യു. ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ അഞ്ച് സെന്റ് സ്ഥലത്താണ് വിത്തിട്ടത്. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത 'ഐശ്വര്യ'എന്ന പ്രത്യേക തരം നെല്ലാണ് വിതച്ചത്. കരനെല്‍കൃഷിക്കു പറ്റിയ ഏറ്റവും നല്ലയിനം വിത്താണ് കുട്ടികള്‍ തിരഞ്ഞെടുത്തതെന്ന് കാര്‍ഷിക സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. 100 ദിവസംകൊണ്ടുതന്നെ വിളവെടുക്കാവുന്ന നെല്ലിനമാണ്. മാതൃഭൂമിയുടെ സീഡ് പദ്ധതിയുടെ ഭാഗമായാണ് 'കരനെല്‍കൃഷി' പദ്ധതിക്കു തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡു നേടിയ കെ.എ.യു. സ്‌കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ- ഐ.ടി. ക്ലബ്ബുകളുടെ പ്രവര്‍ത്തനവും തുടങ്ങി.

 സീഡ് പദ്ധതിയുടെ ഉദ്ഘാടനം കാര്‍ഷിക സര്‍വ്വകലാശാലാ ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ക്ലബ്ബുകളുടെ ഉദ്ഘാടനം സി.ആര്‍. ദാസ് നടത്തി. കൃഷിശാസ്ത്രജ്ഞന്‍ ഡോ. ജിം തോമസ്, പി.ടി.എ. പ്രസിഡന്റ് കെ.എസ്. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് എ.കെ. സലിം, വാര്‍ഡ് മെമ്പര്‍ ഇ.വി. പുഷ്പന്‍, പ്രധാനാധ്യാപിക കെ.എസ്. ഇന്ദിരാദേവി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.ജെ. മാഗി, കെ.എസ്. ലീന എന്നിവര്‍ നേതൃത്വം നല്‍കി. കൃഷിയിലൂടെ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി മുന്നേറാമെന്ന് ഇവര്‍ മാതൃക കാട്ടുകയാണ്.