ആലപ്പുഴ: തണല്‍മരങ്ങള്‍ വെട്ടിവീഴ്ത്തിയപ്പോള്‍ ദേശാടനപ്പക്ഷികളുള്‍പ്പെടെ കൂട്ടത്തോടെ നിലത്തുവീണു ചത്തു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്തെ കനാല്‍ കരയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പാതിരാക്കൊക്ക്, ചേരക്കോഴി, നീര്‍കാക്ക എന്നീ വിഭാഗങ്ങളില്‍പ്പെട്ട അമ്പതോളം പക്ഷികള്‍ ചത്തു. ഇവയുടെ കൂടുകളും മുട്ടയും നിലത്തുവീണു ചിതറി. നിലത്തുനിന്ന് പറക്കാന്‍ ശ്രമിച്ച പക്ഷികള്‍ വാഹനം കയറി ചതഞ്ഞരഞ്ഞു. അവശേഷിച്ചവയെ ചാക്കിലാക്കി കൊണ്ടുപോകാനും ശ്രമം നടന്നു. ആലപ്പുഴ നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് മരങ്ങള്‍ വെട്ടിയത്.കനാല്‍ കരയിലെ വലിയൊരു പാലമരത്തിന്റെ ശിഖരങ്ങളും സമീപത്തെ മൂന്ന് മരങ്ങളുമാണ് വെട്ടിയത്. കനാല്‍ തീരത്തിനോട് ചേര്‍ന്ന ഈ മേഖലയില്‍ വന്‍തോതില്‍ പക്ഷികള്‍ ചേക്കേറിയിരുന്നു.
ആലപ്പുഴ കനാല്‍ നവീകരണത്തിന്‍െന്റ ഭാഗമായും പക്ഷികളുടെ കാഷ്ടം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ന്യായം നിരത്തിയുമാണ് നഗരസഭ മരം മുറിക്കാന്‍ തുനിഞ്ഞത്. വിവരം പുറത്തറിയാതിരുന്നതുകൊണ്ട് ആരും പ്രതിഷേധവുമായി ഇറങ്ങിയില്ല. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് മരം വെട്ടുകാര്‍ വലിഞ്ഞത്. റോഡില്‍ വണ്ടികയറി അരഞ്ഞനിലയിലായിരുന്നു പല പക്ഷികളും. ചിലത് കരഞ്ഞുകൊണ്ടിരുന്നു. ജീവനുള്ള കുറെ പക്ഷികളെ ചാക്കിലാക്കി വച്ചിട്ടുണ്ടായിരുന്നു. കൊന്നുതിന്നുന്നതിനായിരുന്നു ഇതെന്ന് പറയുന്നു.
വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. തങ്ങളുടെ അനുവാദമില്ലാതെയാണ് നഗരസഭ മരം മുറിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വലിയ പാലമരവും അതിലെ പക്ഷികളുമാണ് ഇല്ലാതായത്. ഇതുമുറിക്കാന്‍ അനുവാദം നല്കിയിട്ടില്ലെന്നും കനാലിലേക്ക് വീണുകിടക്കുന്ന മരങ്ങള്‍ വെട്ടാന്‍ മാത്രമാണ് അനുമതി നല്കിയതെന്നും അവര്‍ പറഞ്ഞു. ചേരക്കോഴി, പാതിരാക്കൊക്ക്, നീര്‍കാക്ക തുടങ്ങിയ പക്ഷികളാണ് കൂടുതലായും ചത്തത്. വേമ്പനാട് പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് കാണുന്ന അപൂര്‍വ്വയിനം പക്ഷികളാണിവ. പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. ആലപ്പുഴയിലെത്തുന്ന ടൂറിസ്റ്റുകള്‍ പലപ്പോഴും ഇവിടെയെത്തി പക്ഷികളുടെ ചിത്രങ്ങള്‍ പകര്‍ത്താറുണ്ടായിരുന്നു.ദുരന്തവിവരമറിഞ്ഞ് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും ലജ്‌നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് പോലീസ് അംഗങ്ങളായ 10 കുട്ടികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു. അധ്യാപകരായ ആര്‍.ദീപ, ഇ.സീന എന്നിവരാണ് സംഘത്തെ നയിച്ചത്. സൗത്ത് പോലീസ് സ്റ്റേഷന്‍ മുതല്‍ റോട്ടറി ക്ലബ് വരെയുള്ള 300 മീറ്റര്‍ ദൂരത്ത് നിന്ന മരങ്ങള്‍ വെട്ടാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, പ്രതിഷേധത്തെത്തുടര്‍ന്ന് മരം വെട്ടുകാര്‍ സ്ഥലം കാലിയാക്കുകയായിരുന്നു.
ചാക്കിലിട്ടിരുന്ന എട്ടുപക്ഷികളെ സാമൂഹ്യ വനവത്കരണ വിഭാഗം ഉദ്യോഗസ്ഥര്‍ മൃഗാശുപത്രിയില്‍ എത്തിച്ചു. ഇതില്‍ രണ്ടെണ്ണത്തെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചുള്ളൂ. മറ്റുള്ളവയെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃഗാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
മരംവെട്ടാന്‍ അനുമതിയുണ്ടെന്ന് നഗരസഭ; ഇല്ലെന്ന് വനംവകുപ്പ്
ആലപ്പുഴ: ആലപ്പുഴ സൗത്ത് പോലീസ്‌സ്റ്റേഷനു സമീപത്തെ കനാല്‍ക്കരയിലെ മരംവെട്ടിയത് വനംവകുപ്പിന്റെ അനുമതിയോടെയെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡൊ.എന്നാല്‍, പക്ഷികള്‍ ചേക്കേറിയിരുന്ന പാല ഉള്‍പ്പെടെയുള്ള വന്‍മരങ്ങള്‍ വെട്ടുന്നതിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ജി.രാജന്‍ പറഞ്ഞു. അനുമതിയില്ലാതെ മരം മുറിച്ചവര്‍ക്കെതിരെ നടപടിക്ക് സൗത്ത് പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതും നടപടികള്‍ സ്വീകരിക്കുന്നതും റാന്നി ഡി.എഫ്.ഒ. ആയിരിക്കും. പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ടൈഗര്‍ പ്രോജക്ട് ഫോറസ്റ്റ് ഡയറക്ടര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു.