അടൂര്‍: കൃഷിചെയ്‌തെടുത്ത മരച്ചീനി പുഴുങ്ങി അധ്യാപകര്‍ക്കൊപ്പം കഴിച്ചപ്പോള്‍ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പുതുവസന്തം, അനുഭവിച്ചറിഞ്ഞത് അധ്വാനത്തിന്റെ സംതൃപ്തി. അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന 'പുഴുക്കുത്സവ'മാണ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കിയത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികള്‍ സ്‌കൂള്‍ വളപ്പിലെ കാട്കയറിക്കിടന്ന സ്ഥലം കിളച്ച് കൃഷിയോഗ്യമാക്കി മരച്ചീനി നട്ടത്. കളയെടുത്തതും വേനല്‍ക്കാലത്ത് വെള്ളം കോരിയതും വളമിട്ടതും എല്ലാം വിദ്യാര്‍ഥികള്‍തന്നെ. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന ചാണകപ്പൊടി, ചാരം തുടങ്ങിയ ജൈവവളങ്ങള്‍ മാത്രമാണ് ഉപയോഗിച്ചത്.
പാകമായ കപ്പ കഴിഞ്ഞദിവസം കുട്ടികള്‍തന്നെ പിഴുത് പുഴുങ്ങുകയായിരുന്നു. കൃഷിചെയ്യാന്‍ മുന്‍കൈയെടുത്ത കഴിഞ്ഞവര്‍ഷത്തെ സീഡ് ക്ലബ്ബംഗങ്ങളും 'പുഴുക്കുത്സവ'ത്തിനെത്തി. അധ്യാപകര്‍, അനധ്യാപകര്‍, സീഡ് ക്ലബ്ബംഗങ്ങളല്ലാത്ത മറ്റു കുട്ടികള്‍ തുടങ്ങിയവരെല്ലാം പുഴുക്ക്തിന്നാന്‍ ഒത്തുകൂടി.സ്‌കൂള്‍ വളപ്പിലെ കാന്താരിച്ചെടിയില്‍ നിന്ന് എടുത്തതും കുട്ടികള്‍ വീട്ടില്‍നിന്ന് കൊണ്ടുവന്നതുമായ കാന്താരി മുളകും ഉള്ളിയുംചേര്‍ത്ത് ഉടച്ചെടുത്ത ചമ്മന്തിയാണ് പുഴുക്കിന് കൂട്ടാനായത്. ഒപ്പം കട്ടന്‍കാപ്പിയും.
പ്രിന്‍സിപ്പല്‍ കെ.പി. സുഗതന്‍, സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. ഗിരീഷ്, പി.ടി.എ. പ്രസിഡന്റ് ടി. പ്രകാശ് എന്നിവര്‍ പുഴുക്കുത്സവത്തിന് നേതൃത്വംനല്‍കി