വള്ളികുന്നം: ലോക നാളികേര ദിനത്തില്‍ കേരകൃഷി പ്രോത്സാഹിപ്പിക്കാന്‍ വള്ളികുന്നം എ.ജി. ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബ് "കേര കേരളം' പദ്ധതി തുടങ്ങി. എല്ലാ ഹൈസ്കൂള്‍ വിദ്യാര്‍ഥിക്കും വീട്ടുപറമ്പില്‍ നടാന്‍ ഓരോ തെങ്ങിന്‍തൈ നല്‍കുന്നതാണ് പദ്ധതി.
ഓണാട്ടുകരയിലെ പറമ്പുകളില്‍ തെങ്ങുകളുടെ എണ്ണം കുറഞ്ഞുവരുന്നതായി സീഡ് ക്ലബ്ബ് നടത്തിയ പഠനത്തില്‍ മനസ്സിലാക്കി.
അതിനാല്‍ ആദ്യഘട്ടമായി ഹൈസ്കൂളിലെ എല്ലാ ക്ലാസ് ലീഡര്‍ക്കും ഓരോ തെങ്ങിന്‍തൈ വീതം നല്‍കും.
പദ്ധതിയുടെ ഉദ്ഘാടനം ക്ലാസ് ലീഡര്‍മാര്‍ക്ക് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തുകൊണ്ട് വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. രാജലക്ഷ്മി നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. രാജേശ്വരി, ഹെഡ്മാസ്റ്റര്‍ എസ്. നിര്‍മലകുമാരി, അഡ്വ. രാധ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. മനോജ്കുമാര്‍, സീഡ് ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.