അധ്യാപകര്‍ കുട്ടികള്‍ക്ക് നന്മ പകരാന്‍ കടമയുള്ളവര്‍: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍

Posted By : ktmadmin On 6th July 2013


കോട്ടയം: സമൂഹത്തിലെ നന്മ കുട്ടികളിലേക്ക് പകര്‍ന്നുനല്‍കാന്‍ കടമയുള്ളവരാണ് അധ്യാപകരെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്സിജോസഫ് പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ അഞ്ചാംഘട്ട പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭൂമിയുടെഭാവി വരുന്ന തലമുറയിലെ കുട്ടികള്‍ക്ക് കൈമാറുകയാണ് വേണ്ടത്. അതിന് കുട്ടികളെ തയ്യാറാക്കുകയെന്ന പ്രയത്‌നമാണ് അധ്യാപകര്‍ക്കുള്ളതെന്നും ജെസ്സി ജോസഫ് കൂട്ടിച്ചേര്‍ത്തു. മനുഷ്യര്‍ ഭൂമിയെ കൊള്ളയടിക്കുകയാണോ, കാത്തുസംരക്ഷിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ സംരക്ഷണത്തിനും പച്ചപ്പിനുംവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ഇതിന് പരിഹാരം-അവര്‍ പറഞ്ഞു.

ഓരോ വിദ്യാലയത്തെയും മികച്ച പരിസ്ഥിതിപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുകയാണ് 'സീഡ്' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏഴായിരം വിദ്യാലയങ്ങളില്‍ സീഡ്പ്രവര്‍ത്തനം വിജയകരമായി നടക്കുന്നു. 'സമൂഹ നന്മ കുട്ടികളിലൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തി ജലം, ഭക്ഷണം, ജീവന്‍, എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കിയാണ് ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. പരിസ്ഥിതി സംരക്ഷണത്തിനായി വിദ്യാലയങ്ങളില്‍ നടപ്പാക്കേണ്ട പ്രയോഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് സീഡ്പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമി പത്തനംതിട്ട ബ്യൂറോ ചീഫ് പി. കെ. ജയചന്ദ്രന്‍ അധ്യാപകര്‍ക്കായുള്ള ക്ലാസ്സുകള്‍ നയിച്ചു. സീഡ് അവതരണ ഗാനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ഫെഡറല്‍ ബാങ്ക് എ.ജി.എം. കെ.യു. തോമസ്, ഫോറസ്റ്റര്‍ സാംസണ്‍, എം. ടി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപിക അച്ചാമ്മ സക്കറിയ, എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു സ്വാഗതവും മാതൃഭൂമി പ്രോജക്ട് എക്‌സിക്യൂട്ടീവ് ആര്‍. നിതിന്‍ നന്ദിയും പറഞ്ഞു.