സ്കൂള്‍മുറ്റത്ത് ഞവര നെല്‍ക്കൃഷിക്ക് വിത്തുവിതച്ചു

Posted By : Seed SPOC, Alappuzha On 3rd September 2013


 
പുന്നപ്ര: ഭക്ഷ്യസുരക്ഷയെന്ന മുദ്രാവാക്യം ഏറ്റെടുത്ത് പുന്നപ്ര യു.പി.സ്കൂള്‍ മുറ്റത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഞവര നെല്‍ക്കൃഷിക്ക് വിത്തുവിതച്ചു. മാതൃഭൂമി സീഡും കാര്‍ഷിക ക്ലബ്ബും ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. ഏതാനുംവര്‍ഷം മുന്‍പ് സ്കൂള്‍ മുറ്റത്ത് നെല്‍ക്കൃഷിയില്‍ നൂറുമേനി വിളയിച്ച ചരിത്രം ആവര്‍ത്തിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം.
 
 വിശാലമായ മൈതാനത്ത് അറുപത് സെന്റ് സ്ഥലത്താണ് അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെയും സ്കൂള്‍ മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ ഞവര നെല്‍ക്കൃഷി ചെയ്യുന്നത്. തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെ കൃഷിയിടമൊരുക്കി.
    പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍നിന്നാണ് അധ്യാപകനായ വിനോദ് രാജന്‍ ഞവര നെല്‍വിത്ത് ശേഖരിച്ചത്. ഔഷധ ഗുണമുള്ള ഞവര കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കാനാണ് കൃഷിയിലൂടെ ഉദ്ദേശിക്കുന്നത്.
പുന്നപ്ര തെക്ക് കൃഷി ഓഫീസര്‍ എന്‍.രമാദേവി വിത്തുവിതയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം എം.ഷീജ, സ്കൂള്‍ മാനേജര്‍ കെ.പ്രസന്നകുമാര്‍, പി.ടി.എ.പ്രസിഡന്റ് ആര്‍.ഷാജിമോന്‍, വൈസ്പ്രസിഡന്റ് പി.എച്ച്.ബാബു, പൂര്‍വ വിദ്യാര്‍ഥികളും മാവേലിക്കര എലഗന്റ് മോട്ടോര്‍സ് മാനേജിങ് ഡയറക്ടര്‍മാരുമായ സുല്‍ഫി ഹക്കീം, സുനീര്‍ ഹക്കീം, മാതൃഭൂമി സീഡ് സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ വിനോദ് രാജന്‍, കാര്‍ഷിക ക്ലബ് കണ്‍വീനര്‍മാരായ ബി.ശ്രീലത, സരിത പ്രകാശ്, സ്കൂള്‍ ലീഡര്‍ സരിത രാജേഷ്, കുട്ടികളുടെ മുഖ്യമന്ത്രി അനുകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.