പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാന്‍ കാരുണ്യദീപം പദ്ധതി

Posted By : Seed SPOC, Alappuzha On 1st September 2013



പൂച്ചാക്കല്‍: പാവപ്പെട്ടവരായ സഹപാഠികളെ സഹായിക്കാന്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മനസ്സുകള്‍ ഒന്നിക്കുന്നു. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളാണ് ഇതിന് പ്രചോദനമേകുന്നത്. "കാരുണ്യദീപം' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് കാരുണ്യത്തിന്റെ വെളിച്ചം പകരും.

പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ്സിലും ഓരോ കുടുക്ക വെച്ചിട്ടുണ്ട്. കുട്ടികള്‍ മിഠായി വാങ്ങുന്ന ചില്ലറ നാണയങ്ങള്‍, ബസ്സ്കൂലിയില്‍നിന്ന് മിച്ചംകിട്ടുന്ന നാണയങ്ങള്‍ തുടങ്ങിയവ ചേര്‍ന്ന് കുടുക്ക നിറയും. കുടുക്കകളില്‍ വീഴുന്ന ഓരോ ചില്ലിക്കാശും എത്തുന്നത് ദാരിദ്ര്യമനുഭവിക്കുന്ന, രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന വീടുകളിലെ കുട്ടികളുടെ കൈകളിലേക്ക് ആകും.
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഹരിതാഭമാക്കുന്ന പദ്ധതികളും നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി ചെടിച്ചട്ടികള്‍ സ്കൂള്‍ മുറ്റത്താകെ നിരന്നു. ചട്ടികളെല്ലാം വിദ്യാര്‍ഥികള്‍ പെയിന്റടിച്ച് വര്‍ണാഭമാക്കി.വീടുകളില്‍ പച്ചക്കറിക്കൃഷിയും തുടങ്ങിയിട്ടുണ്ട്. വെണ്ട, വഴുതന, പയര്‍, ചീര തുടങ്ങിയവ സീഡ് ക്ലബ്ബിന്റെ സഹായത്താല്‍ വീടുകളില്‍ കൃഷിചെയ്തുവരുന്നു.വീടുകളില്‍ നിറയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കാനും സ്കൂളിലെ സീഡ് ക്ലബ് പദ്ധതിയിടുന്നുണ്ട്.
മാരാരി ബീച്ച് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ പി. സുബ്രഹ്മണ്യന്‍ കാരുണ്യദീപം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഔപചാരിക ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി.ഡി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിന്ധു, കെ. ടാഗോര്‍, ടി.പി. പ്രകാശന്‍, കെ.പി. സുലേഖ, ഡി. ശ്രീദേവി, അശോക്‌സെന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക പി. ഇന്ദിരാദേവി സ്വാഗതവും പി. ദേവരാജന്‍ നന്ദിയും പറഞ്ഞു.