പയ്യന്നൂര്‍: നാട്ടിലാകെ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൊതുകിന്റെ പ്രജനനകേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ ജനങ്ങളിലേക്കിറങ്ങി. കുട്ടികള്‍ വിദ്യാലയത്തിന്റെ സമീപപ്രദേശങ്ങളിലെ കവുങ്ങിന്‍തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. വെള്ളത്തില്‍ കുതിര്‍ന്ന് ചീഞ്ഞളിയുന്ന കവുങ്ങിന്‍ പാളകളില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത് മനസ്സിലാക്കി. കവുങ്ങിന്‍പാളകള്‍ ശേഖരിച്ച് കൊതുകിന്റെ പെറ്റുപെരുകല്‍ നിയന്ത്രിക്കാനുള്ള വഴികള്‍ കണ്ടെത്തി. അത് നാട്ടുകാരെയും ബോധ്യപ്പെടുത്തി.
കവുങ്ങിന്‍തോട്ടത്തില്‍ അലക്ഷ്യമായി ചിതറിക്കിടക്കുന്ന പാളകള്‍ ശേഖരിച്ച് തോട്ടത്തില്‍ത്തന്നെ രണ്ടുകവുങ്ങുകളില്‍ വലിച്ചുകെട്ടിയ കയറില്‍ തൂക്കിയിട്ടു. ഇനിയൊരിക്കലും പാളകളില്‍ വെള്ളംനിറഞ്ഞ് കൊതുകിന്റെ ഉത്പാദനകേന്ദ്രമായി മാറില്ല. ലളിതമായ ഈ കണ്ടെത്തല്‍ അവര്‍ നാട്ടുകാരെയും പരിചയപ്പെടുത്തി. മാത്രമല്ല, വിദ്യാലയ പരിസരങ്ങളിലുള്ള മുപ്പതോളം വീടുകളില്‍ കൊതുകിനെയും അതിന്റെ കൂത്താടികളെയും തിന്നുനശിപ്പിക്കുന്ന 'ഗപ്പി' മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗപ്പി മത്സ്യങ്ങള്‍ എങ്ങനെ കൊതുകിനെ നശിപ്പിക്കുമെന്നും കുട്ടികള്‍ ഓരോ വീട്ടിലും വിശദീകരിച്ചു.
ലോക കൊതുകുനിവാരണദിനത്തിന്റെ ഭാഗമായി രുന്നു ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, പ്രഥമാധ്യാപിക സി.ശ്രീലത, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, അധ്യാപകരായ എന്‍.ഭരത്കുമാര്‍, എസ്.പി.ഹരികൃഷ്ണന്‍, സീഡ് ക്ലബ് കണ്‍വീനര്‍ സിദ്ധാര്‍ഥ് സതീശന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.