ഔഷധോദ്യാനമൊരുക്കി
തലക്കോട് ഗവ. സ്‌കൂളില്‍ സീഡിന് തുടക്കം
നേര്യമംഗലം: അക്ഷരമുറ്റത്ത് ഔഷധസസ്യ ഉദ്യാനമൊരുക്കി തലക്കോട് ഗവ. യുപി സ്‌കൂളില്‍ സീഡ് പദ്ധതിക്ക് തുടക്കം. ആദ്യഘട്ടത്തില്‍ 30ഓളം ചെടികളാണ് സ്‌കൂള്‍മുറ്റത്ത് നട്ടത്. സ്‌കൂളിലെ കുട്ടികള്‍തന്നെയാണ് ചെടികള്‍ ശേഖരിച്ചത്. കസ്തൂരിമഞ്ഞള്‍, തുമ്പ, മുക്കുറ്റി, സര്‍പ്പഗന്ധി, അമല്‍പ്പൊരി, നീല ഉമ്മം, ആര്യവേപ്പ്, ചെറൂള, അമൃത്, മുയല്‍ച്ചെവിയന്‍, കൂവളം, കൃഷിതുളസി തുടങ്ങിയ വിവിധ ഔഷധസസ്യങ്ങളാണ് ഉദ്യാനത്തില്‍ ഒരുക്കിയത്. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. കുഞ്ഞുമോന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.എസ്. അലിയാര്‍ അധ്യക്ഷനായി. സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ. മാധവന്‍ പാഠ്യപദ്ധതിക്കൊപ്പം വിദ്യാലയം പരിസ്ഥിതിസൗഹൃദമാക്കുന്നതിന് സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പിടിഎയുടേയും ഗ്രാമീണരുടേയും സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. പ്രധാനാധ്യാപിക പി.കെ. വത്സല സ്വാഗതം പറഞ്ഞു. സീഡ് പ്രതിജ്ഞയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
സീഡിന്റെ ഈവര്‍ഷത്തെ മുദ്രാവാക്യമായ ഭക്ഷണ സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാനും സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറിത്തോട്ടം ഒരുക്കാന്‍ കൃഷിവകുപ്പിന്റെ സഹകരണത്തോടെ പദ്ധതിയുണ്ടെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.