നിതിന്റെ "പ്രകൃതിയിലെ വിസ്മയ കലപ്പ' ദേശീയതലത്തിലേക്ക്

Posted By : Seed SPOC, Alappuzha On 29th August 2013


മാതൃഭൂമി സീഡ് ക്ലബ്ബിന് അഭിമാനം
ചേര്‍ത്തല: മണ്ണിന്റെ മിത്രമായ മണ്ണിരകളെ ഉപയോഗിച്ച്, മാനവരാശിക്ക് ഭീഷണിയാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്ന "പ്രകൃതിയിലെ വിസ്മയ കലപ്പ' എന്ന പ്രോജക്ടുമായി നിതിന്‍ നന്ദകുമാര്‍ ഡല്‍ഹിയിലേക്ക്.
കോട്ടയത്ത് നടന്ന സംസ്ഥാനതല മത്സരത്തിലാണ് 500 ലധികം പ്രോജക്ടുകളില്‍നിന്ന് പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥി നിതിന്റെ പ്രോജക്ട് ദേശീയ മത്സരത്തിന് തിരഞ്ഞെടുത്തത്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗമാണ് നിതിന്‍.
ഒക്ടോബര്‍ എട്ടുമുതല്‍ പത്തുവരെ ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന ദേശീയ ഇന്‍സ്പയര്‍ അവാര്‍ഡുമേളയിലാണ് വിസ്മയ കലപ്പ ഉള്‍പ്പെടെ 26 വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ക്ക് അവതരണാനുമതി ലഭിച്ചത്. കോടംതുരുത്ത് തിരുവാതിരയില്‍ ജി.നന്ദകുമാറിന്റെയും ലതയുടെയും മകനാണ് നിതിന്‍. സഹപാഠിയും കുട്ടുകാരനുമായ യദുമാധവനായിരുന്നു പ്രോജക്ടില്‍ പ്രധാന സഹായി. പരിമിത സാഹചര്യങ്ങളില്‍നിന്ന് മികവു തെളിയിച്ച നിതിന്‍ പട്ടണക്കാട് സ്കൂളിനും ഗ്രാമത്തിനും അഭിമാനമായി. ജൈവ സമ്പത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ പദ്ധതി സീഡ് ക്ലബ് വഴി സ്കൂളില്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്കൂളില്‍ ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നിതിന്റെ പദ്ധതി പ്രകാരം സംസ്കരിച്ച് ജൈവ പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സയന്‍സ് അധ്യാപികമാരായ ഗീതാദേവി, ബിന്ദു എന്നിവരാണ് പദ്ധതിക്ക് മാര്‍ഗനിര്‍ദേശകരായത്. പ്രഥമാധ്യാപകനായ കെ. വിനേഷ്കുമാര്‍, പി.ടി.എ. പ്രസിഡന്റ് ജയിംസ് എബ്രഹാം പുളിക്കന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പ്രോത്സാഹനവും തുണയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതിരാജനും വൈസ് പ്രസിഡന്റ് എം.കെ.ജയപാലും അഭിമാന താരത്തിന്റെ ഡല്‍ഹിയാത്രയ്ക്കായി സഹായങ്ങള്‍ നല്കാമെന്ന് ഏറ്റി
ട്ടുണ്ട്.