ബാംഗ്ലൂര്‍: ''ഇവിടെ പ്രത്യേകമായുള്ള മരങ്ങളൊക്കെ കേരളത്തിലും വേണം. അതിനുവേണ്ടി എങ്ങനെയെങ്കിലും കുറെ തൈകള്‍ അയച്ചുതരണം''.
കേരളം ഒന്നുകൂടി പച്ചപ്പ് അണിയണമെന്ന ഈ ആഗ്രഹം പറഞ്ഞത് കുറെ അധ്യാപകര്‍. മാതൃഭൂമി സീഡ് പദ്ധതിയുടെ കോ-ഓഡിനേറ്റര്‍മാരാണവര്‍. സീഡ് പദ്ധതിയിലെ സീസണ്‍വാച്ച് പരിപാടിയുടെ അവലോകനക്കൂട്ടായ്മയ്ക്കായി ബാംഗ്ലൂരില്‍ എത്തിയതാണവര്‍. ദേശീയ ജീവശാസ്ത്രകേന്ദ്രത്തില്‍ (എന്‍.സി.ബി.എസ്.) ആയിരുന്നു കൂട്ടായ്മ. അവിടുത്തെ ശാസ്ത്രജ്ഞരുടെ മുമ്പിലാണ് ഇത് ആവശ്യപ്പെട്ടത്.
സീഡിനുകീഴിലെ സീസണ്‍ വാച്ച് കുട്ടികളില്‍ മാത്രമല്ല, അവരെ നയിക്കുന്ന അധ്യാപകരിലും പ്രകൃതിയോട് വല്ലാത്ത വൈകാരികബന്ധം ഉണ്ടാക്കുന്നുണ്ട്. കൂട്ടായ്മയില്‍ അധ്യാപകര്‍തന്നെ അത് പറഞ്ഞു. അതിന്റെ ഉദാഹരണമായി മരത്തൈകള്‍ക്കായുള്ള അഭ്യര്‍ഥന.
കുട്ടികളുടെ സ്വഭാവത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ പ്രകൃതിനിരീക്ഷണംകൊണ്ട് കഴിയുന്നുണ്ടെന്നും അധ്യാപകര്‍ പറഞ്ഞു.
കുട്ടികളെ പരിസരസൗഹൃദവികസനത്തിനു മാനസികമായി പ്രാപ്തരാക്കാനുള്ള മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ സ്‌കൂളുകളില്‍ സീസണ്‍ വാച്ച് നടക്കുന്നത്. ദേശീയതലത്തില്‍ വ്യാപിപ്പിക്കാനിരിക്കുന്ന സീസണ്‍ വാച്ച് പരിപാടിക്ക് മാതൃക കേരളത്തിലെ ഈ സീസണ്‍ വാച്ച് ആണ്.
പൗരന്മാര്‍ സ്വയം സസ്യങ്ങളെ പതിവായി നിരീക്ഷിച്ച്, വിവരങ്ങള്‍ ശാസ്ത്രസമൂഹത്തിന്റെ അപഗ്രഥനത്തിനായി കൈമാറാന്‍ ഉദ്ദേശിച്ചുള്ളതാണ് സീസണ്‍വാച്ച്.
സീസണ്‍ വാച്ച് മികച്ച രീതിയില്‍ നടപ്പാക്കിയ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട, കോ-ഓഡിനേറ്റര്‍മാരായ 22 അധ്യാപകരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.
രാജ്യത്തെ ഏറ്റവും മികച്ച ജീവശാസ്ത്ര ഗവേഷണകേന്ദ്രങ്ങളിലൊന്നായ എന്‍.സി.ബി.എസ്സിനെക്കുറിച്ച് അവിടുത്തെ ശാസ്ത്രജ്ഞന്‍ ഡോ.സുഹൈല്‍ ഖാദര്‍ കൂട്ടായ്മയില്‍ വിവരിച്ചു. സീസണ്‍ വാച്ചിന്റെ ഉദ്ദേശ്യത്തെയും പൊതുപ്രവര്‍ത്തനങ്ങളെയും കുറിച്ച് 'വാട്ടിസ്' (വിപ്രോ അപ്ലൈയിങ് തോട്ട് ഇന്‍ സ്‌കൂള്‍സ്) മാനേജര്‍ ശ്രീകാന്ത് ശ്രീധറും അരുണ്‍ ഇളാശ്ശേരിയും വിശദീകരിച്ചു.എന്‍.സി.ബി.എസ്സിലെ ലാബുകളും ബാംഗ്ലൂര്‍ ലാല്‍ബാഗ് ഉദ്യാനവും അധ്യാപകര്‍ സന്ദര്‍ശിച്ചു.