പുത്തന്‍തോട് മരണ ശയ്യയില്‍: രക്ഷിക്കാന്‍ സീഡ് ക്ലബിലെ കുരുന്നുകള്‍

Posted By : Seed SPOC, Alappuzha On 24th August 2013


കടക്കരപള്ളി: ഒഴുക്ക് നിലച്ച്, മാലിന്യങ്ങള്‍ നിറഞ്ഞ് സംരക്ഷണമില്ലാതെ മരണത്തിലേക്കു നീങ്ങുന്ന പുത്തന്‍തോടിനെ രക്ഷിക്കാന്‍ മാതൃഭൂമി സീഡ്ക്ലബ് നേതൃത്വത്തില്‍ കുരുന്നുകള്‍ പ്രവര്‍ത്തനം തുടങ്ങി. കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പുത്തന്‍ തേടിനു മൃതസഞ്ജീവനി നല്കി പുനരുജ്ജീവിപ്പിക്കാന്‍ കടക്കരപ്പള്ളി ഗവ. യു.പി. സ്കൂളിലെ കുട്ടികളാണ് അരയും തലയും മുറുക്കി സ്വാതന്ത്ര്യദിനത്തില്‍ രംഗത്തു വന്നത്.കാടുപിടിച്ചു ദയനീയ സ്ഥിതിയിലായ തോടു സന്ദര്‍ശിച്ച കുരുന്നുകള്‍ പ്രദേശവാസികളില്‍ നിന്നും പഴമകാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.ചോദ്യങ്ങളുമായി നാട്ടിലേക്കിറങ്ങിയ കുരുന്നുകള്‍ക്ക് പരിസരവാസികളില്‍ നിന്ന് പിന്തുണ ലഭിച്ചു.200 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ നിര്‍മ്മിതമായ പുത്തന്‍തോട് നാടിന്റെ ഐശ്വര്യമായിരുന്നു. പലരുടെയും ഉപജീവനമാര്‍ഗ്ഗം തോടിനെ ആശ്രയിച്ചായിരുന്നു. തോടുവഴി നടന്നിരുന്ന ചരക്കു ഗതാഗതത്തെക്കുറിച്ചും ചരക്കുവള്ളങ്ങളെ ആശ്രയിച്ച് തോടിന്റെ ഇരുകരകളിലും ഉണ്ടായിരുന്ന നാടന്‍ ചായക്കടകളെ കുറിച്ചും പരിസരവാസിയായ എന്‍.എ.കരിം കുട്ടികളോടു പറഞ്ഞു.പുത്തന്‍തോടിനെ സംരക്ഷിക്കാനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കി അധികൃതര്‍ക്കു നല്കുന്നതിനും, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തീരുമാനിച്ചു. പുത്തന്‍തോടിന്റെ പുനരുദ്ധാരണത്തിനു പ്രയത്‌നിക്കാന്‍ സീഡ്ക്ലബ് അംഗങ്ങള്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രതിജ്ഞയെടുത്തതായി സീഡ് റിപ്പോര്‍ട്ടര്‍ അരുണിമ അറിയിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.സി.മിനി, പി.ടി.എ. പ്രസിഡന്റ് ഡോ. കെ.വി.പ്രേംകുമാര്‍, സീഡ് കോര്‍ഡിനേറ്റര്‍ കെ.ടി. മോളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ തോട് സന്ദര്‍ശിക്കാനെത്തിയത്. നേരത്തെ സ്കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങള്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഷമാ സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ക്യാപ്റ്റന്‍ കെ.കെ.നാരയണനെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പൊന്നപ്പന്‍, എച്ച്.എം. എന്‍.സി. മിനി, പി.ടി.എ. പ്രസിഡന്റ് ഡോ. കെ.വി. പ്രേംകുമാര്‍, സീനിയര്‍ സ്റ്റാഫ് കെ.എസ്. സുശീലന്‍ എന്നിവര്‍ സംസാരിച്ചു.