ഗിരീഷ് വീണ്ടും സ്‌നേഹമാതൃകയായി; നിരാലംബയ്ക്ക് വീട് നിര്‍മിച്ചുനല്‍കും

Posted By : ptaadmin On 22nd August 2013


അടൂര്‍: തൊഴുത്തില്‍ അന്തിയുറങ്ങിയിരുന്ന സുഹൃത്തിന് വീട് നിര്‍മിക്കാന്‍ ഭൂമി സമ്മാനിച്ച എം.എച്ച്. ഗിരീഷ് വീണ്ടും സ്‌നേഹമാതൃകയായി. മഹാദാനത്തിന് സുമനസ്സുകളില്‍നിന്ന് ലഭിച്ച സഹായം പ്രയോജനപ്പെടുത്തി നിരാലംബരായ ഒരു കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഗിരീഷ്. പ്രമേഹം ബാധിച്ചതിനെത്തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റി നിരാലംബയായി കഴിയുന്ന പറക്കോട് കൊച്ചുതുണ്ടില്‍ മായാദേവിക്കാണ് 'മാതൃഭൂമി' സീഡ്ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെകൂടി ഭാഗമായി വീട് നിര്‍മിച്ചുനല്‍കുന്നത്. പറക്കോട് പി.ജി.എം. ബോയ്‌സ് സ്‌കൂളിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബ് യൂണിറ്റ് പ്രസിഡന്റാണ് ഗിരീഷ്.
ഭര്‍ത്താവ് ഉപേക്ഷിച്ച മായാദേവി, പത്താംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ഉമയുമൊത്ത് തകര്‍ച്ചയിലായ വീട്ടിലാണ് കഴിയുന്നത്. ഇവരുടെ മകന്‍ ഉണ്ണികൃഷ്ണന്‍ അന്യസംസ്ഥാനത്ത് ഒരു കമ്പനിയില്‍ ജോലിയിലാണ്. അവിടെനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഇവര്‍ കഴിയുന്നത്. ഈ ദുരിതാവസ്ഥ മനസ്സിലാക്കിയ ഗിരീഷ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ സുധാ പദ്മകുമാര്‍, 'മാതൃഭൂമി' സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ് എന്നിവര്‍ക്കൊപ്പം മായാദേവിയുടെ വീട്ടിലെത്തി വീട് പുതുക്കിവയ്ക്കുന്നതിനുള്ള എല്ലാ വാഗ്ദാനവുംചെയ്തു. തുടര്‍ന്ന് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും പറക്കേട് ഗ്രീന്‍ഹില്‍ ലാന്‍ഡ്‌സ്‌കേപ്പ് ഉടമയുമായ വസന്തും മറ്റു സുമനസ്സുകളും ചേര്‍ന്ന് വീട് പുതുക്കിനല്‍കാമെന്ന് ഏല്‍ക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെതന്നെ വീടിന്റെ പുനിര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒറ്റമുറിയുള്ള വീട്ടില്‍ തകര്‍ന്ന മേല്‍ക്കൂരയ്ക്കുമുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച് കഴിയുന്ന ഇവര്‍ക്കായി അടുക്കള, സിറ്റൗട്ട്, ടോയ്‌ലറ്റ് സംവിധാനം, ഉറപ്പുള്ള മേല്‍ക്കൂര എന്നിവയെല്ലാമടങ്ങിയ വീട് നിര്‍മിക്കും. എല്ലാ മുറികളും ടൈല്‍ ഇട്ട് മനോഹരമാക്കും. ചുറ്റുമതിലും നിര്‍മിക്കും.

ചിത്രവിവരണം
പറക്കോട് പി.ജി.എം. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സകൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മായാദേവിക്കായി നിര്‍മിക്കുന്ന വീട് കാണാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. എത്തിയപ്പോള്‍